ശാഖയുടെ കൊലപാതകം: പ്രായമേറിയ ഭാര്യയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാന്‍ നടത്തിയതെന്ന് പോലീസ്
വിവാഹത്തിനു ശേഷം ശാഖ ലക്ഷങ്ങള്‍ അരുണിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒരു കാറും വാങ്ങിച്ചുനല്‍കി.
തിരുവനന്തപുരം: പ്രായമേറിയ ഭാര്യയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനാണ് ശാഖാകുമാരിയെ അരുണ്‍ കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ നിഗമനം. ശാഖയുമായുള്ള അരുണിന്റെ വിവാഹഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത് പ്രകോപനത്തിനിടയാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
എട്ടേക്കറോളം ഭൂമിയും മറ്റു കുടുംബസ്വത്തുക്കളുമുള്ള ശാഖാ കുമാരിയെ (51) യെ ഒക്ടോബര്‍ 20നാണ് ബാലരാമപുരം പത്താംകല്ല് സ്വദേശി അരുണ്‍(26) വിവാഹം ചെയ്തത്. ഒരു റബ്ബര്‍ തോട്ടം ലീസിന് നല്‍കിയതിലൂടെ ലഭിച്ച നാല് ലക്ഷം രൂപ കൊണ്ടാണ് ശാഖ വിവാഹം നടത്തിയത്.
നാല് വര്‍ഷം മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ശാഖയും അരുണും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് അടുപ്പമായി വളര്‍ന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാല്‍ 26കാരനുമായുള്ള വിവാഹത്തിന് ശാഖയുടെ ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചു. പക്ഷേ, വിവാഹക്കാര്യത്തില്‍ ശാഖ ഉറച്ചുനിന്നതോടെ മതാചാരപ്രകാരം തന്നെ വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിനു ശേഷം ശാഖ ലക്ഷങ്ങള്‍ അരുണിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒരു കാറും വാങ്ങിച്ചുനല്‍കി.
ക്രിസ്മസ് ദിവസം രാത്രി 10 മണി വരെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ശാഖയുടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണമെല്ലാം കഴിച്ചാണ് ഇവര്‍ മടങ്ങിയത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ശാഖയ്ക്ക് ഷോക്കേറ്റെന്ന് അരുണ്‍ ബന്ധുക്കളെയും അയല്‍ക്കാരെയും വിവരമറിയിക്കുന്നത്. ക്രിസ്മസ് ട്രീയിലെ അലങ്കാര വിളക്കുകള്‍ ശരീരത്തിലാകെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന നിലയിലാണ് ശാഖയെ ഇവര്‍ കണ്ടത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം നാല് മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്ന് പോലീസ് എത്തി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.