സംഘപരിവാര്‍ അക്രമങ്ങള്‍: കോണ്‍ഗ്രസ് നിസ്സംഗത വെടിയണം; രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതി സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി
ഹിന്ദുത്വ ഉത്പാദിപ്പിക്കുന്ന വെറുപ്പിനെതിരെ രാജ്യത്തെമ്പാടും മതമൈത്രി സാഹോദര്യ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം
തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാരം നടത്തുന്ന വംശീയാക്രമണങ്ങള്‍ക്ക് നേരെ രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് തുടരുന്ന നിസംഗതയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിയ്ക്ക് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ തുറന്ന കത്ത്. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രസിഡന്റ് കെ ജി ജഗദീശനാണ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയത്.
ഹിന്ദു മനസ്സിനെ പൈശാചികവത്ക്കരിക്കാന്‍ സഹായിക്കും വിധം വെറുപ്പിന്റെ പ്രതിരൂപമായി മുസ്‌ലിങ്ങളെ അവതരിപ്പിക്കാനും അപരവല്‍ക്കരിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ഹിന്ദുത്വയുടെ ശ്രമങ്ങളെ തടയാന്‍ ഇന്ത്യയുടെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ക്ഷേമം നേരുന്നു.
കോര്‍പറേറ്റ് ഹിന്ദുത്വയുടെ കീഴില്‍ അത്യന്തം ഹീനവും ഭീതിജനകവുമായ ദിവസങ്ങളിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നതെന്ന് താങ്കള്‍ക്കും അറിവുള്ളതാണല്ലോ. മതേതരരാജ്യം എന്ന് വിളിപ്പേരുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹൈന്ദവ ആഘോഷങ്ങളുടെ മറവില്‍ ഒട്ടേറെ അതിക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളത്. ന്യൂനപക്ഷ മത സമുദായങ്ങളേയും അവരുടെ ആരാധനാലയങ്ങളേയും ആക്രമിക്കുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഭക്ഷണത്തിന്റെ പേരില്‍ പോലും സംഘപരിവാര ശക്തികള്‍ ആക്രമണങ്ങള്‍ നടത്തുന്നു. നമ്മുടെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ ഭാഗത്തു നിന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരുവിധ നടപടികളുമുണ്ടാകുന്നില്ല. അക്രമണോല്‍സുക ഹിന്ദുത്വയുടെ വക്താക്കളായ ഭരണകൂടത്തില്‍ നിന്ന് അത് പ്രതീക്ഷിക്കാനും വയ്യ. എന്നാല്‍, രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത്തരം അതിക്രമങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കുകയോ ജനാധിപത്യ പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്യുന്നില്ല എന്നത് തീര്‍ത്തും ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അങ്ങനൊരു സാഹചര്യത്തിലാണ് ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന നിലപാടുള്ള സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ താങ്കള്‍ക്ക് കത്തെഴുതുന്നത്.
സത്യവും അഹിംസയും മുന്‍ നിര്‍ത്തി ഗാന്ധിയുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുവന്ന മതസൗഹാര്‍ദ്ദ ദേശീയതയെ, മതേതരത്വത്തെ നുണയും ഹിംസയും ഉപയോഗിച്ച് സംഘപരിവാറും അവരാല്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഭരണകൂടവും തകര്‍ത്തു തരിപ്പണമാക്കി കൊണ്ടിരിക്കുന്ന കാഴ്ചയ്ക്ക് മുന്‍പില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി വളര്‍ന്നു വന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഹിന്ദുത്വ ഭീകരതയ്ക്ക് നേരെ എങ്ങനെയാണ് നിസംഗതയോടെ നോക്കി നില്‍ക്കാന്‍ സാധിക്കുക?
ഹിന്ദു മനസ്സിനെ പൈശാചികവത്ക്കരിക്കാന്‍ സഹായിക്കും വിധം വെറുപ്പിന്റെ പ്രതിരൂപമായി മുസ്‌ലിങ്ങളെ അവതരിപ്പിക്കാനും അപരവല്‍ക്കരിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ഹിന്ദുത്വയുടെ ശ്രമങ്ങളെ തടയാന്‍ ഇന്ത്യയുടെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ തുറന്നു കാണിച്ചുകൊണ്ട് രാജ്യത്തുടനീളം താങ്കള്‍ നടത്തുന്ന ശ്രദ്ധേയമായ പ്രസംഗങ്ങള്‍ രാഷ്ട്രീയപ്രതീക്ഷ തന്നെയാണ്. രാജ്യത്തെ ഓരോ ജനാധിപത്യവാദിയായ രാഷ്ട്രീയക്കാരനില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്ന ഇടപെടലാണത്. ദൗര്‍ഭാഗ്യവശാല്‍ താങ്കളുടെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് പോലും ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ തുറന്നു കാണിക്കുന്ന ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. രാജ്യത്തെ ഗ്രാമങ്ങളിലും തെരുവുകളിലും തൊഴിലിടങ്ങളിലും കാംപസുകളിലും ജനാധിപത്യ ഇന്ത്യയുടെ നിലനില്പിനെക്കുറിച്ച് സംസാരിക്കേണ്ട കാലഘട്ടത്തില്‍, രാജ്യത്തെ പൗരന്മാര്‍ ജാതി മത ലിംഗ ഭാഷാ പാര്‍ട്ടി ചിന്തകള്‍ക്കതീതമായി കൈകോര്‍ത്തു നില്‍ക്കേണ്ട സാഹചര്യത്തില്‍ രാജ്യത്തിന്റെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് കാണിക്കുന്ന നിസംഗത ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാവുന്നതല്ല. മതേതര ജനാധിപത്യ ഇന്ത്യയുടെ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യര്‍ മുഴുവനും ഒറ്റക്കെട്ടാവേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടി ജനങ്ങളോട് സംവദിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്.
മനുഷ്യ മനസ്സുകളില്‍ വെറുപ്പിന്റെ സ്ഥാനത്ത് സ്‌നേഹത്തെ വളര്‍ത്തിയെടുക്കാന്‍, ഭയത്തിന്റെ സ്ഥാനത്ത് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാന്‍ അതുവഴി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായകരമായ നിലയില്‍ മതസൗഹാര്‍ദ്ദ ദേശീയതയെ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണം. ഹിന്ദുത്വ ഉത്പാദിപ്പിക്കുന്ന വെറുപ്പിനെതിരെ രാജ്യത്തെമ്പാടും മതമൈത്രി സാഹോദര്യ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടതുണ്ട്. ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇനിയും വൈകിപ്പിക്കരുത് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.
അഭിവാദ്യങ്ങളോടെ, കെ ജി ജഗദീശന്‍, പ്രസിഡന്റ് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി.