സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി ഇടതുസര്‍ക്കാര്‍: തിരുവനന്തപുരം തഹസീല്‍ദാര്‍ കെ അന്‍സാറിനെ മാറ്റി
മുസ്‌ലിം തഹസീല്‍ദാരെ മാറ്റണം; പത്മനാഭസ്വാമി ക്ഷേത്രാചരണം മറയാക്കി ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം തഹസീല്‍ദാരായി നിയമിച്ച കെ അന്‍സാറിനെ മാറ്റി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തഹസീല്‍ദാര്‍മാരെ സ്ഥലം മാറ്റുന്ന നടപടിയാണ് തിരുവനന്തപുരത്ത് വിവാദമായത്. പത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം താലൂക്കില്‍ മുസ്‌ലിം ഉദ്യോഗസ്ഥനെ തഹസീല്‍ദാരായി നിയമിച്ചതിനെതിരേയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കായുള്ള വേട്ടക്കളം ഒരുക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കേണ്ടത് തഹസീല്‍ദാരാണെന്നും അതിനാല്‍ മുസ്‌ലിം തഹസീല്‍ദാരെ മാറ്റണമെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആവശ്യം.
ഒടുവില്‍ സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍ ഇടതു സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് നിയമിച്ച അന്‍സാറിനെ നെയ്യാറ്റിന്‍കരയിലേയ്ക്കും നെയ്യാറ്റിന്‍കര നിയമിച്ച കെ സുരേഷിനെ തിരുവനന്തപുരത്തേയ്ക്കും മാറ്റി നിയമിച്ചു.
തലസ്ഥാനത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തെ ചുറ്റിപ്പറ്റിമാത്രമാണ് ഭരണം നടക്കേണ്ടതെന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് ഇടതു സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്ക്് മറ്റ് ഭാഗങ്ങളിലെ തഹസീല്‍മാരെയൊ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരെയോ ഏല്‍പ്പിക്കാവുന്നതേയുള്ളു. എന്നാല്‍ തങ്ങള്‍ നിശ്ചയിക്കുന്നവര്‍ മാത്രമെ തലസ്ഥാനത്ത് തഹസീല്‍ദാരായി വരാന്‍ പാടുള്ളൂ എന്ന തീട്ടൂരം കൂടിയാണ് പത്മനാഭസ്വാമി ക്ഷേത്ര ആചാരങ്ങളെ മറയാക്കി സംഘപരിവാരം ചെയ്യുന്നത്.