ഭര്‍ത്താവിന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് അപമാനിച്ചെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍

തിരുവനന്തപുരം: തൊലിയുടെ നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടെന്ന് വെളിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ കഴിഞ്ഞ ദിവസം മോശം പരാമര്‍ശം നടത്തിയെന്ന് ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ഇന്നലെ രാവിലെ അതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പങ്കുവച്ചെന്നും കമന്റുകളുടെ ബാഹുല്യം മൂലം അത് നീക്കം ചെയ്യേണ്ടി വന്നുവെന്നും പോസ്റ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:
കഴിഞ്ഞ ഏഴ് മാസമായി എന്റെ മുന്‍ഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്റെ പരേഡായിരുന്നു, കറുത്തവളെന്ന മുദ്രകുത്തലായിരുന്നു. ഇതില്‍ ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു, ലജ്ജ തോന്നുന്നു.
പ്രപഞ്ചത്തിന്റെ സര്‍വ്വവ്യാപിയായ സത്യമാണ് കറുപ്പ്. എന്തിനേയും ആഗീരണം ചെയ്യാന്‍ സാധിക്കുന്ന, മനുഷ്യ വര്‍ഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊര്‍ജ്ജസ്പന്ദനം. എല്ലാവരിലും പ്രവര്‍ത്തിക്കുന്ന നിറം. ഓഫീസിലേക്കുള്ള വസ്ത്രധാരണരീതി, മഴയുടെ വാഗ്ദാനം.
എന്നെ വീണ്ടും ഗര്‍ഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചത്. മതിയായ നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്.
കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ തുടങ്ങി ഇത്തരത്തില്‍ ഒരു വിശേഷണത്തില്‍ ജീവിച്ചതില്‍ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.
കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കള്‍ കണ്ടെത്തി. കറുപ്പ് ഭംഗിയാണെന്ന് അവരെനിക്ക് മനസ്സിലാക്കിത്തന്നു, അത് കണ്ടെത്താന്‍ അവരെന്നെ സഹായിച്ചു. കറുപ്പ് മനോഹരമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു....
ചിത്രം: ചീഫ് സെക്രട്ടറി സ്ഥാനം, വി വേണു, ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ശാരദ മുരളീധരന് കൈമാറുന്നു
