മ്യാന്‍മാറില്‍ ഭൂചലനം; 144 പേര്‍ കൊല്ലപ്പെട്ടു; 731 പേര്‍ക്ക് പരിക്ക്

Update: 2025-03-28 18:00 GMT
മ്യാന്‍മാറില്‍ ഭൂചലനം; 144 പേര്‍ കൊല്ലപ്പെട്ടു; 731 പേര്‍ക്ക് പരിക്ക്

യാങ്കൂണ്‍: അതിശക്തമായ ഭൂചലനത്തില്‍ മ്യാന്‍മാറില്‍ 144 പേര്‍ കൊല്ലപ്പെടുകയും 730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ സൈനിക സര്‍ക്കാര്‍ അറിയിച്ചു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഉയരുമെന്നും സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഭൂചലനത്തില്‍ രാജ്യത്ത് ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരിക്കാമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ഒരു പ്രസ്താവനയില്‍ പ്രവചിച്ചു.

മ്യാന്‍മാര്‍ ഭരണകൂട മേധാവി മിന്‍ ഓങ് ഹ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആറ് പ്രവിശ്യകളിലാണ് പട്ടാളം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും നാശത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും റോഡുകള്‍ വിണ്ടുകീറിയതായും കാണാം.

ശക്തമായ ഭൂചലനത്തില്‍ മ്യാന്‍മാറിലും തായ്ലന്‍ഡിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാങ്കോക്കില്‍ മെട്രോ, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തായ് പ്രധാനമന്ത്രി പേടോങ്ടാണ്‍ ഷിനാവത്ര ഫൂക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കിയ ശേഷമാണ് നഗരത്തില്‍ 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മാറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.






Tags:    

Similar News