സര്‍ഫാസി നിയമം പിന്‍വലിക്കണം; കര്‍ഷകരുടെ ഭീതിയകറ്റണമെന്നും എംവി ശ്രേയാംസ് കുമാര്‍
കിലോക്ക് 40 രൂപാ നിരക്കില്‍ പച്ചത്തേങ്ങ സംഭരണം ഉടന്‍ ആരംഭിക്കണം
തൃശ്ശൂര്‍: സര്‍ഫാസി ആക്ട് പ്രകാരം സംസ്ഥാനത്ത് കര്‍ഷകരെ കടക്കെണിയിലാക്കി ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്നും ബാങ്കുകള്‍ പിന്‍മാറണമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാര്‍. ജപ്തി ഭീതിയില്‍ നാളുകളെണ്ണി നീക്കുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ഫാസി നിയമം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ജില്ലയിലടക്കം ബഹുഭൂരിപക്ഷം കര്‍ഷകരും ഒരു ഏക്കറില്‍ താഴെ ഭൂമിയുള്ളവരാണ്. ഇവര്‍ക്ക് വളത്തിന്റെ വില വര്‍ധനവ് കാരണം കൃഷി ചെയ്യാന്‍ കഴിയുന്നില്ല. ആകെ ആവശ്യമായതിന്റെ 20 ശതമാനം വളങ്ങള്‍ മാത്രമാണ് രാജ്യത്ത് ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ കമ്പനികളും ഉദ്പാദനം വിദേശത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നു. കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയില്‍ 34000 കോടിയുടെ കുറവാണ് ഈ വര്‍ഷം വരുത്തിയിരിക്കുന്നത്. നെല്‍ കര്‍ഷകരും റബര്‍ കര്‍ഷകരും ഉദ്പാദനസംഭരണവില ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ഏതെങ്കിലും വിധത്തില്‍ കൃഷി ചെയ്താല്‍ തന്നെ അവ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. കൃഷിഭൂമിക്കും കര്‍ഷകര്‍ക്കും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരുകള്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
തൃശൂരില്‍ കിസാന്‍ ജനതാ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് പ്രഫ. വി മാധവന്‍ പിള്ള അധ്യക്ഷം വഹിച്ചു.
എല്‍ജെഡി നേതാക്കളായ സലീം മടവൂര്‍, ഷബീര്‍ മാറ്റപ്പള്ളി, യൂജിന്‍ മൊറേലി, കിസാന്‍ ജനതാ നേതാക്കളായ എന്‍ഒ ദേവസ്യ, മോഹന്‍ സി അറവന്തറ, പികെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, റഹീം വീട്ടിപ്പറമ്പില്‍, ശാരദാ മണിയന്‍, ജോണ്‍സണ്‍ കുളത്തുങ്കല്‍, എന്‍ അബ്ദു റഹീം, പാലോട് മോഹനന്‍ പിള്ള, കെ കുമാരന്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു.
നെല്ലിന്റെ സംഭരണവില അടിയന്തിരമായി 32 രൂപയാക്കണമെന്നും കൃഷിഭവനുകള്‍ മുഖേന കിലോക്ക് 40 രൂപാ നിരക്കില്‍ പച്ചത്തേങ്ങ സംഭരണം ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.