ഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ ചിത്രവും
കാസർകോട്: ഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കാസർകോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് സവർക്കറുടെ ഫോട്ടോയും ഉൾപ്പെട്ടത്. അംബേദ്ക്കർ, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും ചേർത്തത്. എന്നാൽ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച അബദ്ധമാണെന്നാണ് ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ വിശദീകരണം. അബദ്ധം മനസിലായ ഉടനെ പോസ്റ്റ് നീക്കിയെന്നും ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഓഫീസ് സ്റ്റാഫാണെന്നും പി കെ ഫൈസൽ വിശദീകരിക്കുന്നു.