കണ്ണൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(കാന്തപുരം വിഭാഗം) കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ(64) അന്തരിച്ചു. എട്ടിക്കുളത്തെ സ്വവസതിയിലായിരുന്നു അന്ത്യം. ഉത്തര കേരളത്തിലെ പ്രമുഖ കലാലയമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്നു. സമസ്ത പ്രസിഡന്റായിരുന്ന പരേതാനയാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍-സയ്യിദത്ത് ഫാത്വിമ കുഞ്ഞി ബീവി ദമ്പതികളുടെ മകനാണ്. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ മഹല്‍ ഉള്‍പ്പെടെ കാസര്‍കോട്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളുടെ ഖാദിയാണ്. കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള കുറ എന്ന പ്രദേശത്ത് നിരവധി വര്‍ഷമായി ദര്‍സ് നടത്തിയത് കാരണം കുറാ തങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്. ഖിദ്മത്തുസുന്നിയ അവാര്‍ഡ്, ജാമിഅ സഅദിയ്യ അറബിയ്യ ബഹ്‌റയ്ന്‍ കമ്മിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലബാരി മുസ് ലിം ജമാഅത്ത് മലേസ്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൗദി, കുവൈത്ത്, ഒമാന്‍, യുഎഇ, ഖത്തര്‍, ബഹ്‌റയ്ന്‍, ജോര്‍ദാന്‍, ബ്രൂണെ, മലേസ്യ, സിങ്കപ്പൂര്‍, ഇന്തോനേസ്യ, ശ്രീലങ്ക, ഇറാഖ്, ഫലസ്തീന്‍, ഇറാന്‍, ചൈന, തുര്‍ക്കി, ഫ്രാന്‍സ്, നേപ്പാള്‍, നോര്‍വേ, ഹങ്കറി, വത്തിക്കാന്‍, മൊറോക്കോ, ഈജിപ്ത്, ഇറ്റലി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, സ്‌പെയിന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷനല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി, മുട്ടം ഹസനുല്‍ ബസരിയ്യ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിരുന്നു.
ഭാര്യ: ശരീഫ ഹലീമ ആറ്റ ബീവി പാപ്പിനിശ്ശേരി. മക്കള്‍: സയ്യിദ് അബ്ദുറഹ്മാന്‍ മഷ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങള്‍, റുഫൈദ ബീവി, സഫീറ ബീവി, സക്കിയ ബീവി, സഫാന ബീവി. മരുമക്കള്‍: സയ്യിദ് ആമിര്‍ തങ്ങള്‍ നാദാപുരം, ഡോ. സയ്യിദ് ശുഹൈബ് തങ്ങള്‍ കൊടിഞ്ഞി, സയ്യിദ് മിസ്ബാഹ് തങ്ങള്‍ പാപ്പിനിശ്ശേരി. സഹോദരങ്ങള്‍: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, പരേതയായ ശരീഫ ബീക്കുഞ്ഞി ബീവി മഞ്ചേശ്വരം, ശരീഫ മുത്തുബീവി കരുവന്‍തുരുത്തി, ശരീഫ കുഞ്ഞാറ്റ ബീവി ചെറുവത്തൂര്‍, ശരീഫ ഉമ്മുഹാനി ബീവി ഉടുമ്പുന്തല, ശരീഫ റംല ബീവി കുമ്പള.