എന്‍ഡിഎയുടെ ചിറകൊടിയുന്നു; യുപിയിലും സഖ്യകക്ഷികള്‍ക്കിടയില്‍ പടലപ്പിണക്കം രൂക്ഷം
യുപിയില്‍ ബിജെപിക്കൊപ്പമുള്ള സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും (എസ്ബിഎസ്പി) അപ്‌നാ ദളുമാണ് സഖ്യം കൈവിടുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് ഇരു പാര്‍ട്ടികളുടെയും ആവശ്യം. അല്ലെങ്കില്‍ സ്വന്തം വഴിനോക്കുമെന്നും ഇരു പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് ബിജെപി സഖ്യകക്ഷികളെ ഉപയോഗപ്പെടുത്തുന്നതെന്ന് ഇരുവരും കുറ്റപ്പെടുത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും കടുത്ത വിമര്‍ശനമാണ് ഇരു കക്ഷികളും ഉന്നയിച്ചത്. പശുക്കളെ രക്ഷിക്കാനേ യോഗിക്കു കഴിയുകയുള്ളു. പാവപ്പെട്ടവരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്വന്തം വഴി വെട്ടി മുന്നോട്ടു പോകുമെന്നും എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ സഖ്യപാര്‍ട്ടികള്‍ വഴിപിരിയുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ഇതുവരെ 13 പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന ബിജെപിയുമായി കടുത്ത ശത്രുതയിലാണ്. ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ ദയനീയ പരാജയമാണ് സഖ്യകക്ഷികളില്‍ മനംമാറ്റത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷം മാത്രം മൂന്ന് പ്രബല കക്ഷികള്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ് ആദ്യം പുറത്ത് ചാടിയത്. ആഗസ്തില്‍ മെഹ്ബുബ മുഫ്തിയുടെ പിഡിപിയും വഴിപിരിഞ്ഞു. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയാണ് കഴിഞ്ഞ വര്‍ഷം അവസാനമായി സഖ്യത്തില്‍നിന്നു പുറത്തുവന്നത്.