യുപി; അസം ഖാന്റെ മകനെതിരേ ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദള്‍ മല്‍സരിപ്പിക്കുന്നത്, മുസ് ലിം സ്ഥാനാര്‍ത്ഥിയെ
ലഖ്‌നോ: യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാ ദള്‍ അവരുടെ ആദ്യ മുസ് ലിം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഹൈദര്‍ അലിഖാന്റെ സ്ഥാനാര്‍ത്ഥിത്തമാണ് പ്രഖ്യാപിച്ചത്. അദ്ദേഹം സൗര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. ജയിലില്‍ കഴിയുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ മകന്‍ അബ്ദുള്ള അസം മല്‍സരിച്ചേക്കുമെന്ന് കരുതുന്ന മണ്ഡലത്തിലാണ് മുസ് ലിമിനെ നിര്‍ത്തി ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദള്‍ ജനവിധി തേടാന്‍ തീരുമാനിച്ചത്.
അതേസയമം സീററ് വിഭജനചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. യുപി തിരഞ്ഞെടുപ്പില്‍ ബിജെപി മാത്രമല്ല, ബിജെപി സഖ്യകക്ഷികളും മുസ്‌ലിമിനെ നിര്‍ത്തി മല്‍സരിപ്പിക്കുന്നത് സാധാരണ പതിവില്ലാത്തതാണ്.
ഖാന്‍ രാംപൂര്‍ രാജുകുടുംബത്തില്‍നിന്ന് വരുന്നയാളാണ്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സുള്‍ഫിഖര്‍ അലി ഖാന്‍ 5 തവണ രാം പൂര്‍ മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചു. ഹൈദറിന്റെ പിതാവ് നവാബ് കാസിം അലി ഖാന്‍ നാല് തവണ എംഎല്‍എയായിരുന്നു. ഇപ്പോള്‍ രാംപൂറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്.
അപ്‌നാ ദള്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പോകുന്ന ഖാന്‍ നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ടായിരുന്നയാളാണ്, സൗര്‍ മണ്ഡലത്തില്‍ത്തന്നെ. അതിനിടയില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് പോയി അപ്‌നാ ദള്‍ നേതാക്കളെ കണ്ടു. തുടര്‍ന്നാണ് അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.