ഡല്‍ഹി കലാപം:കേസെടുക്കാന്‍ എന്താണിത്ര താമസം? രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഇത്രയും നീണ്ട കാലയളവിലേയ്ക്ക് കേസ് നീട്ടിവെക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതുപോലുള്ള വിഷയങ്ങളില്‍ കേസുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് എസ് എ ബോബ്‌ഡേ പറഞ്ഞു.

Update: 2020-03-04 10:22 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം സംബന്ധിച്ച് കേസ് നീട്ടിക്കൊണ്ടുപോയ ഡല്‍ഹി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കാലപത്തില്‍ കേസെടുക്കാന്‍ എന്താണിത്ര താമസമെന്ന് ചോദിച്ച കോടതി മാര്‍ച്ച് ആറിന് കേസ് പരിഗണിക്കണമെന്ന് ഉത്തരവിട്ടു. ഡല്‍ഹി കലാപക്കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 13 വരെ നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മന്ദറും കലാപത്തിലെ ഇരകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രിം കോടതി മൂന്നംഗ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


കലാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഡിഎന്‍ പട്ടേലും ജസ്റ്റിസ് ഹരി എന്‍ ശങ്കറുമടങ്ങിയ ബെഞ്ച് ഏപ്രില്‍ 13 വരെ കേസ് നീട്ടിവെക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് വഴിവെച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോടതി ഒരു മാസത്തെ സമയവും കേന്ദ്രസര്‍ക്കാരിന് അനുവദിച്ചിരുന്നു. ഇതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്രയും നീണ്ട കാലയളവിലേയ്ക്ക് കേസ് നീട്ടിവെക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതുപോലുള്ള വിഷയങ്ങളില്‍ കേസുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് എസ് എ ബോബ്‌ഡേ പറഞ്ഞു.


എന്നാല്‍ ഇതിനെതിരെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്തുവന്നു. കാരണമുള്ളതുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി കേസ് ഒരു മാസത്തേയ്ക്ക് മാറ്റി വെച്ചതെന്നും മാര്‍ച്ച് ആറിന് കേസ് പരിഗണിക്കണമെന്ന തീരുമാനം പുനപരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ വ്യക്തികളുടെ പ്രസംഗങ്ങളാണ് കലാപത്തിന് കാരണമായതെന്ന് പറയാനാകില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും സുപ്രിംകോടതി അംഗീകരിച്ചില്ല. ഹര്‍ജിക്കാര്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന തുഷാര്‍ മേത്തയുടെ വാദവും കോടതി തള്ളി. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണോ ഇപ്പോഴുള്ളതെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. നേരത്തെ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിനു പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.




Tags:    

Similar News