ഭീമ കൊറേഗാവ് കേസ്: ആനന്ദ് തെല്‍തുംദെ, ഗൗതം നവ്‌ലാഖ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം നീട്ടിനല്‍കാനാവില്ലെന്ന് സുപ്രിം കോടതി

നേരത്തെ സുപ്രിം കോടതിയാണ് ഇരുവര്‍ക്കും മാര്‍ച്ച് 16 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതിന്റെ കാലാവധി ഇന്ന് തീര്‍ന്നതോടെയാണ് ഇരുവരും ജാമ്യം നീട്ടി നല്‍കാന്‍ കോടതിയെ സമീപിച്ചത്.

Update: 2020-03-16 12:01 GMT

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരുമായ ആനന്ദ് തെല്‍തുംദെ, ഗൗതം നവ്‌ലാഖ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം നീട്ടിനല്‍കാനാവില്ലെന്ന് സുപ്രിം കോടതി. ഭീമ കൊറേഗാവ് കേസില്‍ ഇവര്‍ക്ക് ലഭിച്ച മുന്‍കൂര്‍ ജാമ്യം ഇനിയും നീട്ടിനല്‍കാനാവില്ലെന്നായിരുന്നു സുപ്രിം കോടതി ഉത്തരവിട്ടത്.

ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷ നീട്ടി നല്‍കാനുള്ള ഹരജി തളളിയത്. ഇരുവരുവരുടെയും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉടന്‍ തന്നെ ഹാജരാവാനും കോടതി നിര്‍ദേശിച്ചു.

നേരത്തെ സുപ്രിം കോടതിയാണ് ഇരുവര്‍ക്കും മാര്‍ച്ച് 16 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതിന്റെ കാലാവധി ഇന്ന് തീര്‍ന്നതോടെയാണ് ഇരുവരും ജാമ്യം നീട്ടി നല്‍കാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ, ബോംബെ ഹൈക്കോടതി ഫെബ്രുവരി 14ന് ഇരുവരുടെയും അപേക്ഷ തളളി. അത് ചോദ്യം ചെയ്താണ് ഇരുവരും സുപ്രിം കോടതിയെ സമീപിച്ചത്.

2018 ജനുവരി 1ന് ഭീമ കൊറോഗാവില്‍ നടന്ന അക്രമ സംഭവങ്ങളോടനുബന്ധിച്ചാണ് ഇരുവര്‍ക്കുമെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ യുഎപിഎ ചുമത്തിയത്. പിന്നീട് ഇത് എന്‍ഐഎയ്ക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മുംബൈയിലെ എന്‍ഐഎ കോടതിയിലേക്ക് മാറ്റാനുള്ള ഹരജി പൂന സെഷന്‍സ് കോടതിയില്‍ ഏജന്‍സി നേരത്തെ തന്നെ ഫയല്‍ ചെയ്തിരുന്നു.

2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് 200ാം വാര്‍ഷികപരിപാടി ആഘോഷങ്ങള്‍ക്കിടയില്‍ ഒരാള്‍ മരിക്കാനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ സംഭവത്തിലാണ് ഇവരടക്കം ഏതാനും സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. 

Tags:    

Similar News