തോട്ടിപ്പണി: മരണമടഞ്ഞവരുടെ കണക്ക് ഹാജരാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Update: 2020-11-28 15:30 GMT

ന്യൂഡല്‍ഹി: തോട്ടിപ്പണിക്കിടയില്‍ മരണമടഞ്ഞവരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിനോടാണ് രാജ്യത്താകമാനം അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടലില്‍ മരിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്.

തോട്ടിപ്പണിക്കിടയില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും കാരണക്കാരാവുന്നവരെ ശിക്ഷിക്കുന്നതുകൊണ്ടും പരിഹാരമാവുന്നില്ല. പണം കൊടുത്തതുകൊണ്ട് നഷ്ടം ഇല്ലാതാവില്ല. അത് മനുഷ്യജീവന് പകരവുമാവില്ല. ഇത്രമാത്രം സാങ്കേതികവിദ്യ വികസിച്ചിട്ടും കെകള്‍ ഉപയോഗിച്ച് തോട്ടിപ്പണി ചെയ്യുന്നത് രാജ്യത്ത് തുടരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

തോട്ടിപ്പണിയ്ക്കു പകരം ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളെ കുറിച്ച് വിശദീകരിക്കാന്‍ കമ്മീഷന്‍ സിഎസ്‌ഐആര്‍ ചെയര്‍മാനോട് നിര്‍ദേശിച്ചു. അഴുക്കുചാലുകളില്‍ വീണ് മരിക്കുന്ന യാത്രക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ആറ് വര്‍ഷം മുമ്പ് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാധാകൃഷ്ണ തൃപാഠി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് കമ്മീഷന്റെ പ്രതികരണം.

മാന്‍ഹോളിലും മറ്റും വീണുമരിക്കുന്ന യാത്രക്കാരുടെയും തോട്ടിപ്പണിയെടുക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് രാധാകൃഷ്ണ തൃപാഠി ഹരജി സമര്‍പ്പിച്ചത്.

ഓരോ വര്‍ഷവും നിരവധി കീഴ്ജാതിക്കാരാണ് തോട്ടിപ്പണിക്കിടയില്‍ കൊല്ലപ്പെടുന്നതെന്ന് ഹരജിയില്‍ പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News