ഇരട്ടഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: ആരോഗ്യവകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ജൂണ്‍ 21ന് ഹാജറാകണമെന്നാണ് കത്തിലെ പ്രധാന നിര്‍ദേശം. ഇതിന് ഒരാഴ്ച മുമ്പ് അന്വേഷണ റിപോര്‍ട്ട് കമീഷന് സമര്‍പ്പിക്കണം. മനുഷ്യാവകാശ കമീഷന്റെ നിയമപരമായ ഉത്തരവ് പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയതായി കത്തിലുണ്ട്.

Update: 2022-02-26 10:07 GMT

മഞ്ചേരി: ഗര്‍ഭിണിയായ യുവതിക്ക് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പുത്തനഴി സ്വദേശി ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നിയമവിഭാഗം അസി.രജിസ്ട്രാര്‍ കെ കെ ശ്രീവാസ്തവ കത്തയച്ചത്.

ജൂണ്‍ 21ന് ഹാജറാകണമെന്നാണ് കത്തിലെ പ്രധാന നിര്‍ദേശം. ഇതിന് ഒരാഴ്ച മുമ്പ് അന്വേഷണ റിപോര്‍ട്ട് കമീഷന് സമര്‍പ്പിക്കണം. മനുഷ്യാവകാശ കമീഷന്റെ നിയമപരമായ ഉത്തരവ് പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയതായി കത്തിലുണ്ട്. നേരിട്ട് ഹാജരാകാത്ത പക്ഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പ് സെക്രട്ടറിയും നടപടി നേരിടേണ്ടി വരുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കമീഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

കുറ്റക്കാര്‍ക്കെതിരേ നാലാഴ്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 19ന് ഡിഎംഇ, ആരോഗ്യകുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ കത്തയച്ചിരുന്നു.

ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. 2021 മെയ് നാലിന് വീണ്ടും കമ്മീഷന്‍ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നടപടി ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. ഈ സാഹചര്യത്തിലാണ് കമീഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിക്കുന്നത്. സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി സ്വദേശി എന്‍ സി മുഹമ്മദ് ഷെരീഫ് - സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട കുട്ടികളാണ് 2020 സെപ്റ്റംബര്‍ 27ന് മരിച്ചത്. സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Tags:    

Similar News