ആദ്യ കുഞ്ഞിനെ പ്രസവിച്ച് 26 ദിവസത്തിനു ശേഷം യുവതി ഇരട്ടകള്‍ക്ക് ജന്മം നല്‍കി

20കാരിയായ ആരിഫ സുല്‍ത്താന കഴിഞ്ഞ മാസം സുഖ പ്രസവത്തിലൂടെ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു.

Update: 2019-03-27 15:29 GMT

ധക്ക: ആദ്യ കുഞ്ഞിനെ പ്രസവിച്ച് 26 ദിവസത്തിനു ശേഷം ആരോഗ്യമുള്ള ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മം നല്‍കി ബംഗ്ലാദേശി യുവതി ഡോക്ടര്‍മാരെ ഞെട്ടിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ ജെസ്സോര്‍ ജില്ലയില്‍നിന്നുള്ള 20കാരിയായ ആരിഫ സുല്‍ത്താന കഴിഞ്ഞ മാസം സുഖ പ്രസവത്തിലൂടെ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു.

എന്നാല്‍, ഗര്‍ഭ പാത്രത്തില്‍ അവശേഷിച്ച ഇരട്ടകള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. തന്റെ ഉദരത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നതായി യുവതിയും തിരിച്ചറിഞ്ഞിരുന്നില്ല. ആദ്യ കുഞ്ഞിന് ജന്മം നല്‍കി 26 ദിവസത്തിനു ശേഷം വീണ്ടും പ്രസവ ലക്ഷണങ്ങള്‍ കാണിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് യുവതിയെ ചികില്‍സിച്ച ഡോക്ടര്‍ ഷീല പൊഢാര്‍ പറഞ്ഞു. അടിയന്തിര സിസേറിയന് വിധേയമാക്കിയാണ് ഇരട്ടകളെ പുറത്തെടുത്തതെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആരോഗ്യമുള്ള മൂന്നു കുഞ്ഞുങ്ങളുമായി യുവതി ആശുപത്രി വിട്ടതായി ഷീല പറഞ്ഞു.

30 വര്‍ഷത്തിലധികം നീണ്ട തന്റ മെഡിക്കല്‍ ജീവിതത്തില്‍ ഇത്തരത്തിലൊരു സംഭവം ആദ്യത്തേതാണെന്ന് ജെസ്സോറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ചീഫ് ഡോക്ടര്‍ ദിലീപ് റോയ് പറഞ്ഞു. യുവതിയുടെ ഗര്‍ഭം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ഖുലാന മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുടെ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.

Tags:    

Similar News