ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യ പ്രതിക്ക് ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമെന്ന് പോലിസ്
കൊലപാതകത്തിലെ മുഖ്യ പ്രതി പത്മ ശുക്ലയ്ക്ക് ബിജെപി നേതാവ് ചന്ദ്രശേഖര്‍ ത്രിപാഠി, ബാഹുബലി രാജ ഭയ്യ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നു പോലിസ് വ്യക്തമാക്കി.
ഭോപാല്‍: മധ്യപ്രദേശിലെ ചിത്രകൂടില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നല്‍കിയിട്ടും കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതിക്ക് ആര്‍എസ്-ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് മധ്യപ്രദേശ് പോലിസ്. പിടിച്ചെടുത്ത പ്രതികളുടെ മുഴുവന്‍ വാഹനങ്ങളിലും ബിജെപി കൊടി പതിച്ചിട്ടുണ്ടെന്നും പോലിസ് ഐജി ചഞ്ചല്‍ ശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യ പ്രതിയും കുട്ടികളുടെ ട്യൂഷന്‍ അധ്യാപകനുമായ പത്മ ശുക്ലയ്ക്ക് മധ്യപ്രദേശിലേയും പുറത്തേയും ബിജെപി - ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ബിജെപി ആര്‍എസ് നേതാക്കള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇയാള്‍ ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആറു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ചു പേര്‍ ഉത്തര്‍ പ്രദേശില്‍നിന്നുള്ളവരും ഒരാല്‍ മധ്യപ്രദേശുകാരനുമാണ്.രാജു ദ്വിവേദി, ലക്കി തൊമാര്‍, റോഹിത് ദ്വിവേദി, രാംകേഷ് യാദവ്, പിന്റു രാമസ്വരൂപ് യാദവ് എന്നിവരാണ് ഉത്തര്‍ പ്രദേശില്‍നിന്നുള്ളവര്‍. മുഖ്യപ്രതി പത്മ ശുക്ല യുപി സ്വദേശിയാണ്. പ്രതികളുടെ പ്രായം 20കളിലാണെന്ന് പോലിസ് പറഞ്ഞു.പത്മ ശുക്ലയ്ക്ക് ബിജെപി നേതാവ് ചന്ദ്രശേഖര്‍ ത്രിപാഠി, ബാഹുബലി രാജ ഭയ്യ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നും പോലിസ് വ്യക്തമാക്കി.
തട്ടിക്കൊണ്ടു പോയ ഇരട്ടകളുടെ മൃതദേഹം 12 ദിവസത്തിനുശേഷം ഉത്തര്‍പ്രദേശില്‍ യമുന നദിയില്‍നിന്നാണ് കണ്ടെത്തിയത്. ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ യുകെജി വിദ്യാര്‍ഥികളായ മക്കള്‍ ശ്രേയന്‍ശ്, പ്രിയന്‍ശ് (6) എന്നിവരാണു കൊല്ലപ്പെട്ടത്. കൊലപാതകവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം കുട്ടികള്‍ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്‌കൂളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. കഴിഞ്ഞ 12ന് ഉച്ചയ്ക്കാണ് സ്‌കൂളിനു സമീപത്തുനിന്നു മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ തോക്കുചൂണ്ടി സ്‌കൂള്‍ ബസില്‍നിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.