വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രോഗബാധ വര്‍ധിക്കുന്നു; കര്‍ണാടകയും തെലങ്കാനയും 'ഒമിക്രോണ്‍ ഭീതി'യിലേക്ക്
ബെംഗളൂരു: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടക്കം കടന്ന സാഹചര്യത്തില്‍ കര്‍ണാടകയടക്കമുള്ള പല സംസ്ഥാനങ്ങളിലും രോഗഭീതി പടരുന്നു. തെലങ്കാനയിലും കര്‍ണാടയിലും കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 100ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കര്‍ണാടകയില്‍ ചിക്കമംഗ്ലൂര്‍ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം 59 പേര്‍ക്കാണ് ഒറ്റയടിക്ക് കൊവിഡ് ബാധിച്ചത്. ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
രണ്ടാഴ്ച മുമ്പ് ധാര്‍വാഡിലെ ഒരു സ്വകാര്യ കോളജില്‍ 306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്ന മിക്കവരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാണ്.
സ്‌കൂളുകളും കോളജുകളുമാണ് കര്‍ണാടകയിലെ രോഗകേന്ദ്രങ്ങളെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു. റസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റുകളാണ് മറ്റൊരു രോഗകേന്ദ്രം. മിക്ക കേസുകളും ലക്ഷണങ്ങളില്ലാത്തതാണെന്നും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഇനിയും രോഗബാധ വര്‍ധിക്കുകയാണെങ്കില്‍ സ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടാന്‍ മടിക്കില്ലെന്ന് പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
'നിലവിലെ സാഹചര്യത്തില്‍, പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലെന്നാണ് വിദഗ്ധരുടെ പക്ഷമെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, രക്ഷിതാക്കള്‍ക്കിടയില്‍ രോഗഭീതി പടര്‍ന്നാല്‍ സകൂളുകളിലേക്ക് കുട്ടികളെ തിരികെയെത്തിക്കുക പിന്നീട് ബുദ്ധിമുട്ടാവും.
രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത് കര്‍ണാടകയിലാണ്. രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്ന ആറ് സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. നാല് ജില്ലകളിലാണ് രോഗവ്യാപനം വര്‍ധിച്ചത്. അതില്‍തന്നെ തുംകൂരാണ് കൂടുതല്‍ ഗുരുതരാവസ്ഥയുള്ളത്. നവംബര്‍ 26 ഡിസംബര്‍ 2 കാലയളവില്‍ 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തെലങ്കാനയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ 43 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിംനഗര്‍ ജില്ലയിലെ ബൊമ്മക്കലിലുള്ള ചല്‍മേദ ആനന്ദ് റാവു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 150ലധികം വിദ്യാര്‍ഥികളുടെ പരിശോധനാ റിപോര്‍ട്ടുകള്‍ ഇനിയും ലഭിക്കാനുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വൈറസ് ബാധിതരാണ്.
കോളജില്‍ സംഘടിപ്പിച്ച വിവിധ കായിക, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്.
തെലങ്കാന കോളേജില്‍ രോഗബാധിതരായവരുടെ വാക്‌സിനേഷന്‍ നില വ്യക്തമല്ല, സര്‍ക്കാര്‍ കണക്കുനുസരിച്ച് മുതിര്‍ന്ന പൗരന്മാരില്‍ 92 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇത് 100 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 46 ശതമാനം പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,036 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ പകുതിയായ 4,450 എണ്ണവും കേരളത്തിലാണ്. കര്‍ണാടകയിലും തെലങ്കാനയിലും 456ഉം 156ഉം കേസുകളാണുള്ളത്.
രാജ്യത്ത് പുതിയ ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇതുവരെ 21 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. രാജസ്ഥാനില്‍ 9, മഹാരാഷ്ട്രയില്‍ 8, കര്‍ണാടകയില്‍ 2 ഗുജറാത്തിലും ഡല്‍ഹിയിലും ഒരോന്നുവീതം.
മുഴുവന്‍ പേരോടും വാക്‌സിനെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചുരുന്നു. ഇതുവരെ 128 കോടതി ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 47.09 കോടി പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു.