അമ്പത്തിയൊന്ന് വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഒത്ത് ചേര്‍ന്നത് വെറുതെയല്ല

Update: 2022-05-06 16:00 GMT

മാള: അമ്പത്തിയൊന്ന് വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഐരാണിക്കുളം സര്‍ക്കാര്‍ സ്‌കൂളിലേക്ക് തിരികെയെത്തിയത് വെറുതേ ഓര്‍മ്മകള്‍ അയവിറക്കി തിരിച്ചുപോകാനല്ല. ഫ്രണ്ട്‌സ് സൗഹൃദ കൂട്ടായ്മ എന്ന പേരില്‍ അവര്‍ ഒത്തുകൂടിയത് വിദ്യാലയത്തിന് കൈത്താങ്ങുമായാണ്.

വിദ്യാലയത്തിലെ കലാപ്രതിഭ, രചനാ പ്രതിഭ എന്നിവര്‍ക്ക് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തുന്നതിന് പ്രധാനാധ്യാപികക്ക് കൂട്ടായ്മ കൈമാറിയത് 55,555 രൂപയാണ്. കൂടാതെ ഐടി ലാബിലേക്ക് പത്ത് കംപ്യൂട്ടര്‍, മേശകള്‍, ജലശുദ്ധീകരണ സംവിധാനം, സ്മാര്‍ട്ട് ഫര്‍ണിച്ചര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. പഠനരംഗത്തെ മികച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് നല്‍കുന്നതിനായി രണ്ടുലക്ഷം രൂപയും ഈ സൗഹൃദ കൂട്ടായ്മ കൈമാറി.

കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഗുരുവന്ദനം എന്ന പേരില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. ആദരവും എന്‍ഡോവ്‌മെന്റ് തുക കൈമാറുന്ന ചടങ്ങും പൂര്‍വവിദ്യാര്‍ഥി കൂടിയായ ജില്ലാ ജഡ്ജി ടി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. വിന്‍സെന്റ് മണവാളന്‍ അധ്യക്ഷത വഹിച്ചു. നാല്‍പ്പതോളം പേരാണ് കൂട്ടായ്മയിലുള്ളത്.

Tags:    

Similar News