പോലിസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാനുള്ള നീക്കം ദുരൂഹം: പി അബ്ദുല്‍ ഹമീദ്

എച്ച്എഡ്എഫ്‌സി ബാങ്ക് കരാര്‍ നല്‍കിയിരിക്കുന്ന ദില്ലി സഫ്ദര്‍ജംഗ് ആസ്ഥാനമായ മറ്റൊരു ഏജന്‍സിയിലേക്കാണ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ പോകുന്നതെന്നതിനാല്‍ ഇത് വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും

Update: 2022-02-01 11:44 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ട് പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ നിന്ന് സ്വകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്കിലേക്ക് മാറ്റാനുള്ള നീക്കം ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ പോലും നടത്താതെയാണ് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. എച്ച്എഡ്എഫ്‌സി ബാങ്ക് കരാര്‍ നല്‍കിയിരിക്കുന്ന ദില്ലി സഫ്ദര്‍ജംഗ് ആസ്ഥാനമായ മറ്റൊരു ഏജന്‍സിയിലേക്കാണ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ പോകുന്നതെന്നതിനാല്‍ ഇത് വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും. കൂടാതെ അക്കൗണ്ടുകള്‍ മാറ്റുന്നതോടെ ഉദ്യോഗസ്ഥരുടെ വായ്പാ തിരിച്ചടവെല്ലാം എച്ച്ഡിഎഫ്‌സി ബാങ്ക് വഴിയാകാനും തിരിച്ചടവുകള്‍ വൈകിയാല്‍ പിഴത്തുകയടക്കം വന്‍തുക ബാങ്ക് ഈടാക്കാനും ഇടയാക്കും.

സ്വകാര്യ ബാങ്കിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകുന്ന പുതിയ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ഗൗരവമുള്ളതാണ്. കേന്ദ്രസര്‍ക്കാരിനെതിരേ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് വിറ്റു തുലയ്ക്കുന്നെന്ന് സദാ സമയവും മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഇത്തരത്തില്‍ പൊതുമേഖലയില്‍ നിന്ന് കോടികളുടെ സാമ്പത്തിക ഇടപാട് സ്വകാര്യ ബാങ്കിനു പതിച്ചു നല്‍കുന്നത് എന്നത് അവരുടെ കാപട്യം വ്യക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തിനും കൊള്ളയ്ക്കും ഇടതു സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും വലിയ സുരക്ഷാപ്രശ്‌നമുണ്ടാക്കുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News