പ്രവാസികളുടെ മടക്കയാത്ര: കൊവിഡ് ടെസ്റ്റിന്റെ പേരിലുള്ള പിടിച്ചുപറി അവസാനിപ്പിക്കണമെന്ന് പി അബ്ദുല്‍ ഹമീദ്

പരിശോധനക്ക് പ്രവാസികളില്‍ നിന്ന് 3400 രൂപ വരെയാണ് വിമാനത്താവളത്തില്‍ ഈടാക്കുന്നത്. നാലു മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധനയുടെ മറവിലാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.

Update: 2021-09-01 13:20 GMT

തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി വന്‍ തുക ഫീസ് ഇനത്തില്‍ പിടിച്ചുപറിക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. മടക്കയാത്രയ്‌ക്കെത്തുന്ന പ്രവസികളില്‍ നിന്ന് 3400 രൂപ വരെയാണ് വിമാനത്താവളത്തില്‍ ഈടാക്കുന്നത്. നാലു മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധനയുടെ മറവിലാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.

അവധിക്ക് നാട്ടിലെത്തിയ ശേഷം കൊവിഡ് രൂക്ഷമായതിനാല്‍ മടങ്ങി പോകാനാവാതെ മാസങ്ങളോളം തൊഴില്‍പോലും ചെയ്യാനാവാതെ നാട്ടില്‍ താമസിച്ച പ്രവാസികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഉപജീവനത്തിനു പോലും കടം വാങ്ങേണ്ട ഗതികേടിലാണ്. ഇതിനിടെ വീട് നിര്‍മാണത്തിനും കുട്ടികളുടെ പഠനത്തിനുമായി ബാങ്ക് വായ്പ ഉള്‍പ്പെടെ തിരിച്ചടയ്ക്കാന്‍ വലിയ തുക പ്രതിമാസം ആവശ്യമായി വരുന്നവരാണ് ഏറെയും. കടുത്ത പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി കഴിയുന്നതിനിടെയാണ് യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് മടക്കയാത്ര അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും വിദേശനാണ്യം നേടിത്തരുന്ന നാടിന്റെ നട്ടെല്ലായ പ്രവാസികളില്‍ നിന്നുള്ള ഈ കൊള്ളയടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് സൗജന്യമാക്കി പ്രവാസികളെ രക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സത്വരമായ ഇടപെടല്‍ നടത്തണമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News