ഭരണഘടനാ അവഹേളനം: നിയമസഭയ്ക്ക് മുന്‍പില്‍ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ച് എസ്ഡിപിഐ

മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജിവയ്ക്കണം

Update: 2022-07-05 12:51 GMT

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നിയമസഭയ്ക്ക് മുന്‍പില്‍ മന്ത്രിയുടെ കോലം കത്തിച്ചു. മാര്‍ച്ച് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു.

മന്ത്രി സ്വയം രാജിവയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണം. ഭരണഘടനയെ ലംഘിക്കുന്നത് ഫാഷിസമാണ്. ഭരണഘടനയ്‌ക്കെതിരായ ഇടപെടല്‍ രാജ്യത്ത് വ്യാപകമായിരിക്കുന്നു. ഇത് അപകടകരമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഇതാണോ എന്നു സിപിഎം വിശദീകരിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍പ്പിടിക്കാനാവാത്തത് ഭരണഘടനയുടെ പ്രശ്‌നമല്ല, മറിച്ച് ഭരണകര്‍ത്താക്കളുടെ വീഴ്ചയാണ്. ഭരണഘടനയെ പൊളിച്ചെഴുതാന്‍ സംഘപരിവാരം പരിശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സജി ചെറിയാന്റെ പ്രസ്താവന യാദൃശ്ചികമാണെന്നു കരുതാനാവില്ല. അതിനാല്‍ കര്‍ശന നടപടി വേണം. അദ്ദേഹത്തിനെതിരേ ക്രമിനല്‍ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണമെന്നും ഷബീര്‍ ആസാദ് മാര്‍ച്ച് ഉദ്ഘാടനത്തില്‍ പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. എംഎ ജലീല്‍, ഷംസുദ്ദീന്‍ മണക്കാട്, അനസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

Tags:    

Similar News