എസ്ഡിപിഐ സ്ഥാപക ദിനം; സന്നദ്ധസേവന പ്രവര്‍ത്തനങ്ങളോടെ ആചരിക്കുമെന്ന് പി അബ്ദുല്‍ മജീദ് ഫൈസി
'ജനകീയ രാഷ്ട്രീയത്തിന്റെ പന്ത്രണ്ട് വര്‍ഷം' എന്നതാണ് സ്ഥാപകദിന പ്രമേയം
തിരുവനന്തപുരം: എസ്ഡിപിഐ സ്ഥാപകദിനമായ ജൂണ്‍ 21 സംസ്ഥാനത്ത് വിവിധ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളോടെ ആചരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിനു മുമ്പില്‍ അബ്ദുല്‍ മജീദ് ഫൈസിയും കോഴിക്കോട് റീജ്യനല്‍ ഓഫിസിനു മുമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദും പതാക ഉയര്‍ത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളില്‍ പ്രാദേശിക നേതാക്കളും പതാക ഉയര്‍ത്തും. ദിനാചരണത്തിന്റെ ഭാഗമായി രക്തദാനം, ശുചീകരണം ഉള്‍പ്പെടെയുള്ള സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ജനകീയ രാഷ്ട്രീയത്തിന്റെ പന്ത്രണ്ട് വര്‍ഷം- എന്നതാണ് സ്ഥാപകദിനത്തിന്റെ പ്രമേയം. ജനാധിപത്യവും മതേതരത്വവും നാനാത്വത്തില്‍ ഏകത്വവും ശക്തിപ്പെടുത്തുന്നതില്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും സാമൂഹിക നീതിയും തുല്യ വികസനവുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും മജീദ് ഫൈസി വ്യക്തമാക്കി.