വംശഹത്യാ രാഷ്ട്രീയത്തിനെതിരേ താക്കീതായി എസ്ഡിപിഐ ബഹുജന റാലി
'ബി.ജെ.പി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന പ്രമേയമുയത്തി എസ്ഡിപിഐ നടത്തുന്ന കാംപയിനിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി നടന്നത്
എടപ്പാള്‍:വംശഹത്യാ രാഷ്ട്രീയത്തിനെതിരെ താക്കീതായി എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.'ബി.ജെ.പി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന പ്രമേയമുയത്തി എസ്ഡിപിഐ നടത്തുന്ന കാംപയിനിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി നടന്നത്.
എടപ്പാള്‍ പൊന്നാനി റോഡിലെ ഫെഡറല്‍ ബാങ്ക് എടിഎം പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജന റാലി നഗരം ചുറ്റി കുറ്റിപ്പുറം റോഡിലെ സമ്മേളന നഗരിയില്‍ സമാപിച്ചു.എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധന്‍ പള്ളിക്കല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാഷിസത്തിനെതിരേ ഉറച്ച നിലപാടുമായി എസ്ഡിപിഐ എന്നും രംഗത്തുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എസ്ഡിപിഐ തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
എസ്ഡിപിഐ തവനൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി തിരുത്തി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സി എച്ച് അഷ്‌റഫ്, ജില്ലാ സെക്രട്ടറി മുര്‍ഷിദ് ശമീം എന്നിവര്‍ സംസാരിച്ചു.സ്വാഗതസംഘം കമ്മിറ്റി കണ്‍വീനര്‍ മുജീബ് റഹ്മാന്‍ സ്വാഗതം പറയുകയും തവനൂര്‍ മണ്ഡലം സെക്രട്ടറി ഹംസ വട്ടംകുളം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.