കൊവിഡിന്റെ മറവില്‍ മറ്റ് രോഗങ്ങള്‍ക്കുള്ള ചികില്‍സ നിഷേധിക്കുന്നതിനെതിരേ എസ്ഡിപിഐയുടെ പ്രതിഷേധ സംഗമം
മലപ്പുറം: കൊവിഡിന്റെ പേരില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മറ്റു ചികില്‍സകള്‍ നിഷേധിക്കരുതെന്നും ആശുപത്രി സൗകര്യങ്ങള്‍ ഉടന്‍ തന്നെ മറ്റ് രോഗികള്‍ക്ക് തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സാമൂഹിക അകലം പാലിച്ച് പാണ്ടിക്കാട് റോഡ് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും മലപ്പുറം റോഡിലെ ഐജിബിടി ജംഗ്ഷനില്‍ നിന്നും നിലമ്പൂര്‍ റോഡിലെ ജസീല ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മെഡിക്കല്‍ കോളേജിന് മുമ്പില്‍ സംഗമിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, പി ഹംസ, മഞ്ചേരി മണ്ഡലം പ്രസിടണ്ട് ലത്തീഫ് വല്ലാഞ്ചിറ സെക്രട്ടറി സി അക്ബര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
പിറവി തൊട്ടു തന്നെ അവഗണ നേരിട്ടു കൊണ്ടിരിക്കുന്ന മലപ്പുറത്തെ ജനങ്ങളുടെ ചികില്‍സാകേന്ദ്രത്തെ കൊവിഡിന്റെ പേരില്‍ അച്ചുപൂട്ടിയിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിനെ ക്രിട്ടിക്കല്‍ കെയര്‍ സെന്റര്‍ മാത്രമാക്കി മറ്റു ചികില്‍സകളും സര്‍ജറികളും പുന:സ്ഥാപിച്ച് നല്‍കണമെന്നും മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനം തുടരാന്‍ അനുവദിക്കണമെന്നും പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.