ജയ്ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ച പോലിസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം; പ്രതിഷേധമുയര്‍ത്തി എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച്

കെഎസ് ഷാന്‍ വധത്തിലെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റുചെയ്യുന്നത് വരെ പാര്‍ട്ടി പ്രക്ഷോഭം നടത്തും

Update: 2021-12-22 08:43 GMT

തിരുവനന്തപുരം: ആലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലിസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഈ പോലിസ് അതിക്രമത്തിനെതിരേ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണി നിരത്തി പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. പക്ഷേ സമാധാനം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അത് ഒരു ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദ്ദിച്ച പോലിസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെഎസ് ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഫിറോസിനെയാണ് പോലിസ് മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചത്. ക്രൂരമര്‍ദ്ദനത്തിനിരയായ ഫിറോസ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇത് യുപിയിലല്ല, മതേതര കേരളത്തിലാണെന്ന് ഓര്‍ക്കണം. പോലിസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നത് നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. വിജയ് സാഖറെയും അര്‍ഷിത അട്ടലൂരിയും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് അവരുടെ നടപടികളില്‍ നിന്ന് വ്യക്തമാണ്. പക്ഷേ, പോലിസിന്റെയും അതിനെ നിയന്ത്രിക്കുന്ന ഇടതു സര്‍ക്കാരിന്റെയും ഇത്തരം നടപടികള്‍ക്കെതിരേ പാര്‍ട്ടി കൈയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതിനാല്‍ നിയമം കയ്യിലെടുക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പ്രകോപനപ്രസംഗം നടത്തി കെഎസ് ഷാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഹിന്ദു ഐക്യവേദി നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ എന്നാണ് കേരളസമൂഹത്തിന് അറിയേണ്ടത്. ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ച പോലിസുകാരെ സര്‍വീസില്‍ നിന്നും പരിച്ച് വിടുകയും ഷാന്റെ കൊലപാതകം ആസൂത്രണം ചെയ്ത വല്‍സല്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് വരെ എസ്ഡിപിഐ സമരത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ കൂട്ടുനില്‍ക്കുന്ന വിജയ് സാഖറെ, വിജയ് സവര്‍ക്കറാണെന്ന് മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു. ആലപ്പുഴയില്‍ പോലിസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ആലപ്പുഴ എസ്പി ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കുന്ന വിജയ് സാഖറെയും എസ്്പിയെയും അവരുടെ ചുമതലകളില്‍ നിന്ന് അടിയന്തരമായി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാളിയുടെ ദൈംദിന ജീവിതത്തിന് തടസ്സുമുണ്ടാക്കേണ്ട എന്നു കരുതിയാണ്, ഞങ്ങളുടെ ചങ്കിലെ ചോരയായ ഷാന്റെ വധത്തില്‍ പ്രതിഷേധിച്ച് ഒരു ഹര്‍ത്താല്‍ പോലും കേരളത്തില്‍ നടത്താതിരുന്നതെന്ന് മാര്‍ച്ചില്‍ സംസാരിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം അങ്ങനെയല്ലെന്നു എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതി അംഗങ്ങളായ പ്രാവച്ചമ്പലം അഷ്‌റഫ്, എസ്പി അമീര്‍ അലി, അന്‍സാരി ഏനാത്ത്, എല്‍ നസീമ, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംബന്ധിച്ചു.

പാളയത്തെ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു.

Tags:    

Similar News