നീലേശ്വരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം
നീലേശ്വരം: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തൈക്കടപ്പുറത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സംഭവത്തിലെ പ്രധാന കണ്ണി ഇപ്പോഴും ഒളിവിൽ കഴിയുന്നത് ആശങ്കാജനകമാണ്. ഭരണകക്ഷിയുമായി ബന്ധമുള്ള ഇയാൾ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന നാട്ടുകാരുടെ ആശങ്ക അന്വേഷണോദ്യോഗസ്ഥർ ഗൗരവത്തിലെടുക്കണമെന്നും ഇയാൾ ഉൾപ്പെടെ ഈ നീച കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിലെത്തിക്കുന്നത് വരെ എസ്ഡിപിഐ സമര രംഗത്തുണ്ടാവുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സിഎച്ച് മൊയ്തു, മുനിസിപ്പൽ സെക്രട്ടറി എംവി ഷൗക്കത്തലി, മുനിസിപ്പൽ ഭാരവാഹികളായ സിഎച്ച് ഹനീഫ, ടി അബൂബക്കർ, എഎം സഫീർ, മുഹ്‌സിൻ പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.