അന്യായമായ ജപ്തി നടപടി: ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയായി പിണറായി വിജയനെ കേരള ചരിത്രം രേഖപ്പെടുത്തും- വി എം ഫൈസൽ
തൃശൂർ: അന്യായമായ ജപ്തി നടപടിയിലൂടെ കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയായി പിണറായി വിജയനെ കേരള ചരിത്രം രേഖപ്പെടുത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗം വി എം ഫൈസൽ.
സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സർക്കാർ നടത്തുന്ന ബുൾഡോസർ രാജിനെതിരെ തൃശൂർ കോർപ്പറേഷനു മുമ്പിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്ന ഹർത്താലിന്റെ പേരിലെ തിരക്കിട്ട ജപ്തി നടപടികൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പ്രതികളാക്കപ്പെട്ടവർ ബോണ്ട് കെട്ടിവെച്ചാണ് ജാമ്യത്തിൽ ഇറങ്ങിയതെന്ന വിവരം കോടതിയെ ബോധ്യപ്പെടുത്താതെ മറച്ചു വെച്ചത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗൗരവമുള്ള വീഴ്ചയാണ്. ഹർത്താലുമായി ബന്ധമില്ലാത്തവരുടെയും പ്രവാസ ജീവിതം നയിക്കുന്നവരുടെയും മരണപ്പെട്ടവരുടെയും വീടും ഭൂമിയും ജപ്തിചെയാനുള്ള നടപടിക്ക് അഭ്യന്തരവകുപ്പിന്റെ കൈയ്യൊപ്പുണ്ട്. ഇത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. കോടതിയുടെ ജാഗ്രതക്കുറവും അഭ്യന്തരവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും കെടുകാര്യസ്ഥതയും മൂലം ഒരു വിഭാഗം കുടുംബങ്ങളെ തെരുവിലേക്കെറിഞ്ഞത് സംഘപരിവാർ രാഷ്ട്രീയത്തിന് വളം വെക്കുന്നതാണ്.
പ്രബുദ്ധ കേരളത്തിന് അപമാനമുണ്ടാക്കിയ ഈ ജപ്തിനടപടി പിൻവലിക്കുകയും പൊതുസമൂഹത്തോട് സർക്കാർ മാപ്പു പറയുകയും വേണമെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് എം. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് വടക്കൂട്ട്, ജില്ലാ സെക്രട്ടറി എ.കെ മനാഫ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ തിയ്യത്ത് , ഇ.എം ലത്തീഫ് , സെക്രട്ടറിമാരായ റഫീന സൈനുദ്ധീൻ , റാഫി താഴത്തേതിൽ, ജില്ലാ ട്രഷറർ അക്ബർ എടക്കഴിയൂർ, ജില്ലാ കമ്മിറ്റിയംഗം ബി.കെ. ഹുസൈൻ തങ്ങൾ എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.