ടിക്കറ്റ് വില വര്‍ധന: എയര്‍ ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ; ജൂണ്‍ 8ന് പ്രതിഷേധ സമരം

Update: 2020-06-07 16:17 GMT

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ കൊള്ള ചെയ്യുന്ന തരത്തില്‍ ടിക്കറ്റ് വില വര്‍ധിപ്പിച്ച എയര്‍ ഇന്ത്യയുടെ ഹീന നടപടി പിന്‍വലിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി ആവശ്യപ്പെട്ടു. മതിയായ ചികില്‍സ കിട്ടാതെയും ക്വാറന്റീന്‍ സൗകര്യമില്ലാതെയും ദുരിതം അനുഭവിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടിയാണ് ടിക്കറ്റ് നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചതിലൂടെ എയര്‍ ഇന്ത്യ എടുത്തിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫ് പ്രവാസികള്‍ക്ക് എന്നും വലിയ തുകയാണ് എക്കാലത്തും വിമാന കമ്പനികള്‍ ഈടാക്കാറുള്ളത്. എന്നാല്‍ ഈ ദുരിത കാലത്തെങ്കിലും മനുഷ്യത്വ പൂര്‍ണമായ നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാവുന്നതിനു പകരം അവസരം മുതലാക്കി ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

 ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിന്റെ കൂടെ ഇരുട്ടടിയെന്നോണമാണ് ക്രമാതീതമായ ടിക്കറ്റ് നിരക്ക് വര്‍ധന. ഇതിനെതിരെ എയര്‍ ഇന്ത്യയുടെ കോഴിക്കോട്ടെ ആസ്ഥാനത്തേക്ക് ജൂണ്‍ 8 തിങ്കളാഴ്ച രാവിലെ 11.30ന് ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News