കൊവിഡ് മഹാമാരിയെ പിണറായി സര്‍ക്കാര്‍ ചാകരയാക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍

Update: 2020-08-19 14:17 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ പോലും ദുരുപയോഗം ചെയ്ത് ചാകരയാക്കി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക അറിയാന്‍ ഫോണ്‍ വിളികള്‍ പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അവസാനം ഉപേക്ഷിച്ചതായി ഇപ്പോള്‍ കോടതിയ്ക്കു മുമ്പാകെ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കൊവിഡിനെ മറയാക്കി അണിയറയില്‍ വലിയ അവിശുദ്ധ കച്ചവടം പൊടിപൊടിക്കുന്നെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ നടപടികള്‍. പല തീരുമാനങ്ങളും നടപ്പാക്കുകയും അവസാനം കോടതിയില്‍ വരുമ്പോള്‍ പിന്‍വാങ്ങുകയും ചെയ്യുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു കൈമാറാന്‍ ഉണ്ടാക്കിയ സ്പ്രിംഗ്ലര്‍ കരാര്‍ ഉദാഹരണമാണ്.

നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടാതെ ഫോണ്‍ വിളി വഴി രോഗം പകരില്ലെന്ന് ബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാമെന്നിരിക്കേ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തലിന് ഉത്തരവിട്ടത്. തീരുമാനം പിന്‍വലിച്ചു എന്നു പറഞ്ഞതുകൊണ്ടു മാത്രം കാര്യമായില്ല. ഇതിനു പിന്നിലെ രഹസ്യ അജണ്ട പുറത്തുവരേണ്ടതുണ്ട്. അതിനായി സമഗ്രമായ അന്വേഷണമാണ് വേണ്ടത്. വ്യക്തിയെയും സമൂഹത്തെയും കുടുംബത്തെയും സാരമായി ബാധിക്കാവുന്ന സ്വകാര്യവിവരങ്ങള്‍ ഇതിലൂടെ പലരുടെ കൈകളിലെത്താനും അത് ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയുണ്ട്. പൗരന്റെ വിവരങ്ങള്‍ പരമാവധി ശേഖരിച്ച് ഏതോ അജ്ഞാത കേന്ദ്രങ്ങള്‍ക്ക് നല്‍കാന്‍ പിണറായി സര്‍ക്കാര്‍ പഴുതുകള്‍ തേടുന്നു എന്നതാണ് സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളിലൂടെ വ്യക്തമാകുന്നത്. കൊവിഡ് മഹാമാരിയെ കച്ചവടമാക്കി മാറ്റാനുള്ള നടപടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്നും ഷാന്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News