'സ്വാതന്ത്ര്യം, സാമൂഹിക നീതി, ഭരണകൂടം': നാളെ എസ്ഡിപിഐ വെര്‍ച്വല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും

ഭരണകൂടത്തിന്റെ സങ്കുചിത-വിദ്വേഷ നയങ്ങള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം പൗരന്മാരെയും അപരന്മാരും അസ്പൃശ്യരുമാക്കിയിരിക്കുന്നു. രാഷ്ട്രനേതാക്കള്‍ സ്വപ്‌നം കണ്ട മഹത്തായ രാഷ്ട്രസങ്കല്‍പ്പം ദിവാസ്വപ്‌നമായി മാറിയിരിക്കുന്നു

Update: 2021-08-14 11:45 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനമായ നാളെ 'സ്വാതന്ത്ര്യം, സാമൂഹിക നീതി, ഭരണകൂടം' എന്ന വിഷയത്തില്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. രാവിലെ 10.30ന് നടക്കുന്ന കോണ്‍ഫറന്‍സ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി സംസാരിക്കും.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര ഇന്ത്യ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ സ്വാതന്ത്ര്യമെന്നതു പോലെ തന്നെ സ്വാതന്ത്ര്യദിനാഘോഷവും കേവലം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഒതുങ്ങുകയാണ്. രാജ്യത്തെ മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും ദലിത്, ആദിവാസി ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യം ഇന്നും കിട്ടാക്കനിയാണ്. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും കേവലം ഏടുകളായി മാറിക്കൊണ്ടിരിക്കുന്നു. ഭരണകൂടത്തിന്റെ സങ്കുചിതവും വിദ്വേഷാധിഷ്ടിതവുമായ നയങ്ങള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം പൗരന്മാരെയും അപരന്മാരും അസ്പൃശ്യരുമാക്കിയിരിക്കുന്നു. രാഷ്ട്ര നേതാക്കള്‍ സ്വപ്‌നം കണ്ട മഹത്തായ രാഷ്ട്രസങ്കല്‍പ്പം ദിവാസ്വപ്‌നമായി മാറിയിരിക്കുന്നു. പൊരുതി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പൊരുതേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യദിനം രാജ്യത്തെ പൗരന്മാരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യസംരക്ഷണ പ്രതിജ്ഞാദിനം കൂടിയാണെന്ന് പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.



Tags:    

Similar News