കടല്‍ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് ; ലക്ഷദ്വീപിനെതിരേ പെരും നുണകളുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

കേരളം, കശ്മീര്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ തീവ്രവാദികള്‍ ലക്ഷദ്വീപിനെ കേന്ദ്രമാക്കി ഇന്ത്യക്കെതിരേ 'സമുദ്ര ജിഹാദ്' നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന 'അതിഭയങ്കരമായ' കണ്ടെത്തലും മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സംഘ്പരിവാര്‍ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

Update: 2021-06-14 16:29 GMT

കോഴിക്കോട്: ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികള്‍ മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ തുടര്‍ച്ചയാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ ലേഖനം. തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഉദയ് ഇന്ത്യ എന്ന വെബ് സൈറ്റില്‍ റോ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്) മുന്‍ മിലിട്ടറി ഓഫിസറായ ആര്‍എസ്എന്‍ സിങ് ആണ് ദ്വീപ് ജനതയെ തന്നെ ഒന്നടങ്കം തീവ്രവാദികളായി മുദ്രകുത്തുന്ന തരത്തില്‍ ലേഖനമെഴുതിയത്.

ലക്ഷദ്വീപിലൂടെ മയക്കുമരുന്ന് ജിഹാദ് എന്ന തലക്കെട്ടില്‍ എഴുതിയ ദീര്‍ഘമായ ലേഖനത്തില്‍ പ്രഫുല്‍പട്ടേല്‍ നടപ്പിലാക്കിയ ജനദ്രോഹ നടപടികളെ ന്യായീകരിക്കുന്നതിനൊപ്പം പെരും നുണകളാണ് അവതരിപ്പിക്കുന്നത്. മൂന്ന് മാസം മുമ്പ്, 2021 മാര്‍ച്ച് 18 ന് ഇന്ത്യന്‍ തീരസംരക്ഷണ സേന മിനിക്കോയ് ദ്വീപിന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും മൂന്ന് കപ്പലുകള്‍ തടഞ്ഞുനിര്‍ത്തി 3,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. തിരക്കേറിയ അന്താരാഷ്ട്ര കപ്പല്‍ പാതയായ മിനിക്കോയ് ദ്വീപിന് അടുത്തുള്ള കടലിലൂടെ ധാരാളം വിദേശ കപ്പലുകള്‍ സഞ്ചരിക്കാറുണ്ട്. പിടികൂടിയത് ആകര്‍ഷാ ദുവാ, ചതുറാണി-03, ചതുറാണി-08 എന്നീ ശ്രീലങ്കന്‍ ബോട്ടുകളാണ്. ഇവ ശ്രീലങ്കയിലേക്കു പോകുന്ന വഴിയാണ് പിടിച്ചത്. ഇതിന് ലക്ഷദ്വീപുമായി ഒരു ബന്ധവുമില്ല എന്ന്് തെളിഞ്ഞതാണ്. ഇന്ത്യന്‍ നാവിക സേന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ലക്ഷദ്വീപുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്ന് ശ്രീലങ്കന്‍ കപ്പലുകള്‍ മിനിക്കോയ് ദ്വീപിന്റെ സമീപത്ത് നിന്നും പിടികൂടിയതിനെ സംഘപരിവാര്‍ ദ്വീപില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി എന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ സംഘ്പരിവാര്‍ നുണപ്രചാരണമാണ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ലക്ഷദ്വീപിനെതിരേ പ്രചരിപ്പിക്കുന്നത്.

കേരളം, കശ്മീര്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ തീവ്രവാദികള്‍ ലക്ഷദ്വീപിനെ കേന്ദ്രമാക്കി ഇന്ത്യക്കെതിരേ 'സമുദ്ര ജിഹാദ്' നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന 'അതിഭയങ്കരമായ' കണ്ടെത്തലും മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സംഘ്പരിവാര്‍ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നിവയുടെ പര്യായമാണ് ഇന്ത്യ എന്ന പദം എന്നും ആര്‍എസ്എന്‍ സിങ് പറയുന്നു.അറേബ്യന്‍ കടല്‍ എന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമാണെന്നും അറേബ്യ എന്ന പേര് കാരണം ഇത് അങ്ങിനെയല്ലാതാകില്ല എന്ന തരത്തില്‍ സമുദ്രത്തിന്റെ പേരില്‍ പോലും വര്‍ഗ്ഗീയ വേര്‍തിരിവ് കാണിക്കുന്ന അഭിപ്രായങ്ങള്‍ ലേഖനത്തിലുടനീളമുണ്ട്.

ശ്രീലങ്കന്‍ കപ്പലില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയതുപോലെയുള്ള സംഭവങ്ങള്‍ ഷഹീന്‍ബാഗിലെ പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളുമായും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെടുത്തിവെക്കുന്നുണ്ട്. '' 2020 നവംബറിനും 2021 മാര്‍ച്ചിനുമിടയില്‍ 5,000 കോടി രൂപയുടെ മരുന്നുകളാണ് ലക്ഷദ്വീപ് പരിസരത്തു നിന്നും പിടികൂടിയതെന്നും ഇതിന്റെ പണം തീവ്ര ഇടതുപക്ഷത്തിനാണോ പോകുന്നത് എന്ന് ഹിന്ദുത്വ ഫാഷിസ്റ്റുകളെപ്പോലും കടത്തിവെട്ടുന്ന തരത്തില്‍ ലേഖനത്തില്‍ ചോദിക്കുന്നു. എല്‍ഇടിക്കും ഐഎസിനുമാണോ പണം പോകുന്നത് എന്നും ചോദിക്കുന്നു. പ്രഫുല്‍ പട്ടേലിന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവര്‍ ഈ വലിയ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ ഭാഗമാണ് എന്ന സ്ഥാപിക്കലും നിര്‍ലജ്ജം മുന്‍ റോ ഉദ്യോഗസ്ഥന്‍ നടത്തുന്നു.

ലക്ഷദ്വീപിലെ ജനവിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരെയെല്ലാം സമുദ്ര, മയക്കുമരുന്ന് ജിഹാദ് എന്ന കെട്ടിച്ചമച്ച ആരോപണത്തില്‍ കുരുക്കിയിടാനാണ് ആര്‍എസ്എന്‍ സിങ് ശ്രമിക്കുന്നത്. അത് സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി പെരും നുണകളുടെ പ്രവാഹം തന്നെ ലേഖനത്തില്‍ തുറന്നുവിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും ശക്തവും വിശ്വസ്തവുമായ രഹസ്യാന്വേഷണ ഏജന്‍സി എന്നു പറയപ്പെടുന്ന റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിന്റെ മുന്‍ മിലിട്ടറി ഓഫിസര്‍ തന്നെ ഇത്തരത്തില്‍ മുസ്‌ലിം സമുദായത്തെ രാജ്യവിരുദ്ധരും തീവ്രവാദികളുമാക്കി ലേഖനമെഴുതുമ്പോള്‍ ഇത്തരം ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ഏതുവിധത്തിലായിരിക്കും എന്നതാണ് മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഉയരുന്ന ആശങ്ക.

Tags:    

Similar News