കടലാക്രമണം: പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍

Update: 2020-06-14 13:55 GMT

കൊടുങ്ങല്ലൂര്‍: കടലാക്രമണം രൂക്ഷമാകുന്ന മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് ജില്ല കളക്ടര്‍ എസ് ഷാനവാസ്. എറിയാട് കടപ്പുറത്ത് ജിയോ ബാഗ് തടയണയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സന്ദര്‍ശിച്ചു വിലയിരുത്തുകയായിരുന്നു അദ്ദേഹം. നിലവില്‍ കുറച്ച് ഭാഗം മാത്രമാണ് തടയണ നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യമുള്ളത്. ഇപ്പോള്‍ പൂര്‍ത്തിയായവയ്ക്ക് മൂന്നോ നാലോ സീസണ്‍ വരെ ചെറുത്തു നില്‍ക്കാനുള്ള ശേഷിയുണ്ട്. ആ കാലയളവില്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ജിയോ ബാഗുകള്‍ അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കടല്‍ക്ഷോഭം സംബന്ധിച്ചുള്ള എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടെത്തി, ജനങ്ങള്‍ക്ക് കടലിനെയും കടല്‍ക്ഷോഭത്തെയും പേടിക്കാതെ കഴിയാനുള്ള സാഹചര്യം ഒരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കടല്‍ക്ഷോഭം ഏറ്റവും രൂക്ഷമായ എറിയാട് ചന്ത കടപ്പുറത്ത് 700 മീറ്റര്‍ നീളത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ തടയണ നിര്‍മിച്ചത്. 5 ലക്ഷം രൂപയാണ് ഈ ഭാഗത്ത് ജിയോ ബാഗുകള്‍ വാങ്ങാന്‍ പഞ്ചായത്ത് ചെലവഴിച്ചത്. കടലാക്രമണം ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ധാരണയായിരുന്നു. കടലാക്രമണത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കുന്ന പദ്ധതികള്‍ക്ക് പുറമെ അടിയന്തിര ഘട്ടത്തില്‍ 5 ലക്ഷം രൂപ വരെ പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഇതനുസരിച്ചാണ് എറിയാട് പഞ്ചായത്തില്‍ 1200 ബാഗുകള്‍ വാങ്ങി നാട്ടുകാരുടെ സഹകരണത്തോടെ മണല്‍ നിറച്ച് തടയണ സ്ഥാപിച്ചത്. ഇറിഗേഷന്‍ വകുപ്പ് കരാര്‍ നല്‍കിയ തടയണകളും നിര്‍മ്മാണവും എറിയാട് മണപ്പാട്ട് ചാല്‍ ഭാഗത്ത് ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്.

എറിയാട് എടവിലങ്ങ് പഞ്ചായത്തുകളിലായി 410 മീറ്റര്‍ തടയണയുടെ നിര്‍മ്മാണവും കരാറുകാരന്‍ പുനരാരംഭിച്ചിരുന്നു. കളക്ടറോടോപ്പം എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്റര്‍, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, വില്ലേജ് ഓഫീസര്‍ ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു. 

Similar News