രണ്ടാം പിണറായി മന്ത്രിസഭ; സവര്‍ണര്‍ക്കും പുരുഷന്മാര്‍ക്കും ഭൂരിപക്ഷം; വയനാട്ടിലും കാസര്‍കോഡും മന്ത്രിമാരില്ല, മുസ്‌ലിംകള്‍ മൂന്നു പേര്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നു. ആകെ പട്ടിക പരിശോധിക്കുമ്പോള്‍ പുരുഷന്മാര്‍ എന്നത്തെയും പോലെ മുന്നിലെത്തി. 21 മന്ത്രിമാരില്‍ മൂന്ന് പേരാണ് സ്ത്രീകള്‍, ആര്‍ ബിന്ദുവും വീണാ ജോര്‍ജും ജെ ചിഞ്ചുറാണിയും. ഇതില്‍ ആദ്യത്തെ രണ്ടു പേരും സിപിഎമ്മില്‍ നിന്നും മൂന്നാമത്തെ മന്ത്രി സിപിഐയില്‍ നിന്നുമാണ്.
ജില്ല തിരിച്ചുളള കണക്കില്‍ ഇത്തവണ കാസര്‍കോഡ് ജില്ലയും വയനാട് ജില്ലയും ഒഴിച്ച് എല്ലാ ജില്ലകള്‍ക്കും സ്വന്തം മന്ത്രിയുണ്ട്. മലബാറിന് ഇത്തവണ 21ല്‍ ഏഴ് മന്ത്രിമാരാണ് ഉള്ളത്. കൂടാതെ സ്പീക്കറും മലബാറില്‍ നിന്നാണ്, എം ബി രാജേഷ്.
കോഴിക്കോടില്‍ നിന്ന് മൂന്നും കണ്ണൂരില്‍ നിന്ന് രണ്ടും മലപ്പുറത്തുനിന്നും പാലക്കാടുനിന്നും ഒന്നു വീതവും മന്ത്രിമാരുണ്ട്.
സിപിഎമ്മിന് ഈ മന്ത്രിസഭയില്‍ 12 മന്ത്രിമാരാണ് ഉള്ളത്. അതില്‍ അഞ്ച് പേര്‍ സവര്‍ണരാണ്, സ്പീക്കറും സവര്‍ണനാണ്. രണ്ടു പേര്‍ മുസ് ലിംകളാണ്. സിപിഎമ്മിന്റെ ജാതി തിരിച്ച കണക്ക് ഇങ്ങനെ: പിണറായി വിജയന്‍(തിയ്യ), എം വി ഗോവിന്ദന്‍(കുശവ),
.കെ.രാധാകൃഷ്ണന്‍(എസ് സി), പി.രാജീവ് (നായര്‍), കെ.എന്‍.ബാലഗോപാല്‍(നായര്‍), സജി ചെറിയാന്‍ (സിറിയന്‍ ക്രിസ്ത്യന്‍), വി.എന്‍.വാസവന്‍(ഈഴവ), പി.എ.മുഹമ്മദ് റിയാസ്(മുസ്‌ലിം), വി.ശിവന്‍കുട്ടി (നായര്‍), ആര്‍. ബിന്ദു (നായര്‍), വീണാ ജോര്‍ജ് (ഓര്‍ത്തഡോക്‌സ് ), വി.അബ്ദുള്‍ റഹ്‌മാന്‍ (മുസ്‌ലിം). സ്പീക്കര്‍ പദവിയും നായര്‍ വിഭാഗത്തിനാണ്, എം ബി രാജേഷ്.
സിപിഐയില്‍ നിന്ന് ആകെ നാല് മന്ത്രിമാരുണ്ട്. അതില്‍ ഒരാളൊഴിച്ച് എല്ലാവരും നായന്മാരാണ്. പി.പ്രസാദ്(നായര്‍), .കെ.രാജന്‍ (നായര്‍), ജി.ആര്‍.അനില്‍(നായര്‍), ജെ.ചിഞ്ചുറാണി (ഈഴവ). ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും സിപിഐയില്‍നിന്നുള്ള ചിറ്റയം ഗോപകുമാറിനാണ് അദ്ദേഹം പട്ടിക ജാതി വിഭാഗത്തില്‍ പെടുന്നയാളാണ്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിന്‍ റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നാണ്.
ജനതാ ദള്‍ സെക്കുലറിന്റെ കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലെ ഈഴവ പ്രതിനിധിയാണ്. എന്‍സിപിയുടെ എ കെ ശശീന്ദ്രന്‍ തിയ്യവിഭാഗത്തിലും പെടുന്നു. പിണറായി കഴിഞ്ഞാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ അംഗമായ രണ്ടാമത്തെയാളാണ് ശശീന്ദ്രന്‍.
ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ ആന്റണി രാജു ലാറ്റിന്‍ കാത്തലിക് വിഭാഗക്കാരനാണ്.
ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലാണ് മുസ് ലിം വിഭാഗത്തില്‍ നിന്നുളള മറ്റൊരു പ്രതിനിധി. ഇത്തവണത്തെ മന്ത്രിസഭയില്‍ മൂന്ന് മുസ് ലിംകളാണ് ഉള്ളത്. അഹമ്മദിനെ കൂടാതെ സിപിഎമ്മിലെ റിയാസും വി അബ്ദുള്‍ റഹ്‌മാനും.
ചീഫ് വിപ്പായ മാണി ഗ്രൂപ്പിലെ എന്‍ ജയരാജനും നായര്‍ സമുദായക്കാരനാണ്.
ആദിവാസി വിഭാഗത്തില്‍ നിന്ന് ഇത്തവണ ഒരാള്‍പോലും മന്ത്രിസഭയിലില്ല. എസ് സി വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ട്. രാധാകൃഷ്ണന്‍, ഒരാള്‍ക്ക് ഡെ. സ്പീക്കര്‍ പദവിയും ലഭിച്ചു. ചിറ്റയം ഗോപകുമാര്‍.
ഈ മന്ത്രി സഭയില്‍ രണ്ട് പേര്‍ ബന്ധുക്കളാണ് പിണറായി വിജയനും മുഹമ്മദ് റിയാസും. പിണറായി വിജയന്റെ മകളെയാണ് റിയാസ് വിവാഹം കഴിച്ചിരിക്കുന്നത്.