ലാപ് ടോപ് പിടിച്ചെടുത്തത് നിയമവിരുദ്ധം; മുഹമ്മദ് സുബൈറിന്റെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി പോലിസ് റിപോര്‍ട്ട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: 2018ലെ വിവാദ ട്വീറ്റ് കേസുമായി ബന്ധപ്പെട്ട് ലാപ്‌ടോപ്പ് പിടിച്ചെടുക്കാനും പരിശോധിക്കാനും അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി പോലിസിന്റെ പ്രതികരണം തേടി. പോലിസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചുതരാനും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മറുപടി നല്‍കാന്‍ പോലിസിന് നാലാഴ്ചത്തെ സമയം ജസ്റ്റിസ് പുരുഷൈന്ദ്രകുമാര്‍ കൗരവ് അനുവദിച്ചു. സുബൈറിന് വിയോജിപ്പ് രേഖപ്പെടുത്താനും അധിക രേഖകള്‍ സമര്‍പ്പിക്കാനും കോടതി അുവദിച്ചു.
ജൂലൈ ഒന്നിന്, സുബൈറിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് നരുലയുടെ അവധിക്കാല ബെഞ്ച്, രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലിസിനോട് നിര്‍ദ്ദേശിച്ചിരുന്നു.
സുപ്രിം കോടതി പുറപ്പെടുവിച്ച അര്‍ണേഷ് കുമാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തതെന്നും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതെന്നും സുബൈറിന്റെ അഭിഭാഷകന്‍ വാദിച്ചു. ലാപ്‌ടോപ്പ് പോലിസ് പിടിച്ചെടുത്തതിലൂടെ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചിരുന്നു.
സുബൈറിന്റെ ട്വീറ്റുകളുടെ പേരില്‍ വിവിധ ജില്ലകളിലായി ഉത്തര്‍പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത ആറ് എഫ്‌ഐആറുകളിലും സുപ്രിം കോടതി കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചിരുന്നു.