മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി എം ഇബ്രാഹിം പാര്‍ട്ടി വിട്ടു

കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇബ്രാഹിം നേതൃപദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലും പ്രതിപക്ഷ നേതാവായി പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്.

Update: 2022-01-28 06:38 GMT

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എം ഇബ്രാഹിം പാര്‍ട്ടിവിട്ടതായി പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇബ്രാഹിം നേതൃപദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലും പ്രതിപക്ഷ നേതാവായി പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്.

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയാണ് ഇബ്രാഹിം. മുമ്പ് ജനതാദള്‍ സെക്കുലര്‍ അംഗമായിരുന്ന ഇബ്രാഹിം 1999ല്‍ കേരളത്തില്‍ നിന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് അന്ന് മല്‍സരിച്ച ഇബ്രാഹിം പക്ഷെ കെ മുരളീധരനോട് പരാജയപ്പെടുകയായിരുന്നു.

മുന്‍ എംപി ബി കെ ഹരിപ്രസാദിനെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി എഐസിസി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഇതിനു തൊട്ടുപിന്നാലെ തന്നെ ഇബ്രാഹിം പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചു. 'കഴിഞ്ഞ ദിവസം എഐസിസി തനിക്ക് തന്ന ഗിഫ്റ്റ്' തന്റെ പാര്‍ട്ടി വിടലിന് കാരണമായിട്ടുണ്ടെന്ന് ഇബ്രാഹിം സൂചിപ്പിച്ചു.

'എന്റെ മേലുണ്ടായിരുന്ന എല്ലാ ഭാരങ്ങളും എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി ഒഴിവാക്കി തന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് എന്റേതായ തീരുമാനങ്ങളെടുക്കാം. എന്റെ അനുയായികളോടും അടുപ്പമുള്ളവരോടും ഞാന്‍ ഉടന്‍ സംസാരിക്കും. അടുത്ത നീക്കമെന്താണെന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് ഇന്നുമുതല്‍ എനിക്ക് അടഞ്ഞ അധ്യായമാണ്,' സി എം ഇബ്രാഹിം പ്രതികരിച്ചു.

Tags:    

Similar News