ഓക്‌സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ 7 കൊവിഡ് രോഗികള്‍ കൂടി മരിച്ചു

ഇന്നലെ (ചൊവ്വാഴ്ച) ഉച്ച മുതല്‍ രാത്രി 8 വരെ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നും അതു കാരണമാണ് 4 രോഗികള്‍ മരിച്ചതെന്നും കെഎംസി ആശുപത്രി മേധാവി സുനില്‍ ഗുപ്ത പറഞ്ഞു

Update: 2021-04-28 02:59 GMT

ലഖ്‌നൗ: മുഖ്യമന്ത്രി ആദിത്യനാഥിന്റെ കപട അവകാശവാദങ്ങള്‍ക്കിടയിലും ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിക്കുന്നു. ഇന്നലെ മാത്രം 7 രോഗികളാണ് വിവിധ ആശുപത്രികളിലായി മരണത്തിനു കീഴടങ്ങിയത്. ഇവരില്‍ മൂന്നുപേര്‍ ആനന്ദ് ആശുപത്രിയിലും ബാക്കിയുള്ളവര്‍ കെഎംസി ആശുപത്രിയിലുമാണ് ചികില്‍സയിലുണ്ടായിരുന്നത്.


യുപിയില്‍ ഓക്‌സിജന്‍ ലഭിക്കാതെയുളള മരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി ആദിത്യനാഥ് വാദിക്കുന്നത്.


മൂന്നു രോഗികള്‍ മരിച്ച ആനന്ദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് സുഭാഷ് യാദവ് പറയുന്നത് രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട് എന്നാണ്. ദിവസവും 400 സിലിണ്ടറുകള്‍ ആവശ്യമുള്ളിടത്ത്് 90 എണ്ണം മാത്രമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി 'എന്‍ഡിടിവി' റിപോര്‍ട്ട് ചെയ്തു. ഓക്‌സിജന്റെ കുറവ് തുടരുകയാണെന്നും ഓക്‌സിജന്‍ ആവശ്യമുള്ള ഗുരുതരമായ രോഗികളെ അഡ്മിറ്റ് ചെയ്യാതെ മടക്കി അയക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.


'ഇന്നലെ (ചൊവ്വാഴ്ച) ഉച്ച മുതല്‍ രാത്രി 8 വരെ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നും അതു കാരണമാണ് 4 രോഗികള്‍ മരിച്ചതെന്നും കെഎംസി ആശുപത്രി മേധാവി സുനില്‍ ഗുപ്ത പറഞ്ഞു. ഓക്‌സിജന്‍ ഉണ്ടായിരുന്നെങ്കില്‍ അവരെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ ചികില്‍സയിലുള്ള മുഹമ്മദ് കാസിം എന്ന രോഗിക്കു വേണ്ടി മതാവ് 110 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് 25,000 രൂപ ചിലവിട്ടാണ് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചത്. ഇത്തരത്തില്‍ ചെയ്യാന്‍ കഴിയാത്തവര്‍ മരണത്തിനു കീഴടങ്ങേണ്ട അവസ്ഥയിലാണെന്നും സുനില്‍ഗുപ്ത പറഞ്ഞു.




Tags:    

Similar News