ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്;ഒത്തുതീര്‍പ്പ് ഹരജി പരിഗണിക്കുന്നത് മാറ്റി
വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനു കാരണമെന്നാണു സൂചന
എന്നാല്‍, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനു കാരണമെന്നാണു സൂചന.കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന് കോടതി ചോദിച്ചപ്പോള്‍ അതെയെന്ന് യുവതിയും അല്ലെന്ന് ബിനോയിയും മറുപടി നല്‍കിയിരുന്നു. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ച ശേഷം കേസ് ഒത്തുതീര്‍ക്കണോ എന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.ക്രിമിനല്‍ കേസ് ആയതിനാല്‍ ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിച്ചു.
കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ടു നല്‍കിയ രേഖയില്‍ പറയുന്നത്. ഈ അപേക്ഷ പരിഗണിച്ച് നിലവിലെ കേസ് റദ്ദാക്കണമെന്നാണ് ഇരുവരും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടത്. കുട്ടി തങ്ങളുടേതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി അംഗീകരിച്ചിട്ടുണ്ട്.
പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്. തനിക്കെതിരായ പീഡനപരാതി കള്ളക്കേസ് ആണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ റിപോര്‍ട്ട് പുറത്ത് വരാനിരിക്കേയാണ് ഈ നീക്കം.
2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പോലിസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമായിരുന്നു ആരോപണം.