പ്രാര്‍ത്ഥനയുടെ മറവില്‍ ലൈംഗിക പീഡനം; പാസ്റ്റര്‍ക്ക് മരണം വരെ ജീവപര്യന്തം
പെരിന്തല്‍മണ്ണ: പ്രാര്‍ത്ഥനയുടെ മറവില്‍ പെരിന്തല്‍മണ്ണയില്‍ ലൈംഗീക പീഡനം നടത്തിയ പാസ്റ്റര്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മടവൂര്‍പാറ സ്വദേശി ജോസ് പ്രകാശിനാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2016ല്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാനെന്ന പേരിലാണ് പ്രതി ജോസ് പ്രകാശ് മലപ്പുറത്തെത്തിയത്. മഞ്ചേരി പുല്ലൂരുളള വീട്ടില്‍ വച്ചും പെരിന്തല്‍മണ്ണയിലെ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ വച്ചുമാണ് 13ഉം 12ഉം വയസ്സുളള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും പാസ്റ്റര്‍ പീഡനത്തിനിരയാക്കിയത്.
കുട്ടികളുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാമെന്നും അറിയിച്ച് തനിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. കാലങ്ങളായി ചങ്ങനാശ്ശേരില്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രതി. പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. രണ്ടുലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധിക തടവും അനുഭവിക്കണം. രണ്ടുലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്കും 50,000 രൂപ ആണ്‍കുട്ടിക്കും നല്‍കണമെന്നും മഞ്ചേരി പോക്‌സോ കോടതി ജഡ്ജി പി ടി പ്രകാശന്‍ വിധിച്ചു. മഞ്ചേരി സിഐയായിരുന്ന സണ്ണി ചക്കോയാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്.