യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിച്ച് വിദ്യാര്‍ത്ഥികളുടെ ആശങ്കയകറ്റണമെന്ന് എസ്.എഫ്.ഐ
തിരുവനന്തപുരം: രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച്ചയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും അത് പരിഹരിക്കണമെന്നും എസ്എഫ്‌ഐ.
പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് ഹാള്‍ ടിക്കറ്റില്‍ പരീക്ഷാ കേന്ദ്രം ഏതാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാന്‍ സാധിച്ചിട്ടുള്ളത്. കേരളത്തിലെ പല വിദ്യാര്‍ത്ഥികള്‍ക്കും മറ്റു സംസ്ഥാനങ്ങളിലും വളരെ ദൂരെയുള്ള ജില്ലകളിലുമാണ് പരീക്ഷാ കേന്ദ്രം ലഭിച്ചിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് പരീക്ഷാ കേന്ദ്രത്തില്‍ എത്താനാകില്ല എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളുള്ളത്. ഇത് രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും രാജ്യത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിനെതിരെ പ്രതിഷേധിക്കുന്നതായും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷൊ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പരീക്ഷാ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാവുന്ന ദൂരത്തിലാക്കി പുന:ക്രമീകരിക്കണമെന്നും വരാനിരിക്കുന്ന മറ്റു വിഷയങ്ങളുടെ പരീക്ഷകള്‍ അപാകതകള്‍ പരിഹരിച്ച് സംഘടിപ്പിക്കണമെന്നും എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.