സ്മാര്‍ട്ട് വാഷ്‌റൂം ക്ലീനര്‍ വികസിപ്പിച്ച് പുത്തന്‍ചിറ സ്വദേശി ഷാജഹാന്‍

Update: 2022-06-29 14:56 GMT

മാള(തൃശൂര്‍): സ്മാര്‍ട്ട് വാഷ്‌റൂം ക്ലീനര്‍ വികസിപ്പിച്ച് പുത്തന്‍ചിറ സ്വദേശി ഷാജഹാന്‍ ശ്രദ്ധേയനാകുന്നു. വീടുകളിലെ വാഷ്‌റൂമിലേയും ടോയ്‌ലറ്റിലെയും ചുവരുകളും തറയും ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനുള്ള ഇലക്ട്രോണിക് സ്മാര്‍ട്ട് വാഷ് ക്ലീനറാണ് പുത്തന്‍ചിറ മരക്കാപറമ്പില്‍ ഷാജഹാന്‍ നിര്‍മ്മിച്ചത്. ക്ലീനിംഗ് ജോലി ഭാരം കുറക്കുന്നതിന് സഹായകമായ ഉപകരണമാണിത്. വളരെ വേഗത്തില്‍ ചുവരുകളും തറയും വൃത്തിയാക്കാന്‍ ഇതുകൊണ്ട് സാധിക്കും. റീചാര്‍ജബിള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറില്‍ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന ബ്രഷാണ് ഇതിന്റെ പ്രധാന ഘടകം. പ്രത്യേക ആവൃത്തിയില്‍ കറങ്ങുന്ന ബ്രഷുകള്‍ ടൈലുകള്‍ വൃത്തിയാക്കാന്‍ ഉതകുന്ന വിധത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ചുവരുകള്‍ ചേരുന്നിടത്തെ മുക്കും മൂലകള്‍ പോലും വൃത്തിയാക്കാന്‍ കഴിയും. ബ്രഷിന്റെ പ്രതല വിസ്തീര്‍ണം കൂടുതലായതിനാലും കറങ്ങിക്കൊണ്ടിരിക്കുന്നതിനാലും കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ഭാഗങ്ങള്‍ വൃത്തിയാക്കാം. ഉപകരണത്തിന് അകത്ത് സ്ഥാപിച്ചിട്ടുള്ള ചെറിയ ബാറ്ററിയെ ചാര്‍ജര്‍ ഘടിപ്പിച്ച് ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാകും. കഴുകാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റ് ഇതില്‍ തന്നെ ഒഴിക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഒഴിക്കുന്ന സോപ്പ് ലായനി കഴുകുന്ന പ്രതലത്തില്‍ ആവശ്യാനുസരണം എത്തിച്ചേരും. വാഷിംഗ് ലിക്വിഡ് ഒരു തുള്ളിപോലും തനിയെ ചോര്‍ന്നുപോകാതെ മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം കറങ്ങുന്ന ബ്രഷുകളില്‍ എത്തിച്ചേരുന്ന വിധമാണ് ഇതിന്റെ നിര്‍മ്മാണം. ബ്രഷിന്റെ തേയ്മാനം സംഭവിച്ചാല്‍ വളരെയെളുപ്പം മാറ്റിയിടാം. ഭാരക്കുറവും അല്‍പ്പം നീളമുള്ള ഹാന്റിലും ഇതിന്റെ ഉപയോഗം ലളിതമാക്കുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ 2,000 രൂപ ചിലവ് വരുമെന്നാണ് ഷാജഹാന്‍ പറയുന്നത്. ഇലക്ട്രിക്ക് ചൂലും ഇലക്ട്രോണിക് സ്‌റ്റെതസ്‌ക്കോപ്പും കണ്ടുപിടിച്ചതിന് ശേഷം സ്ത്രീ സൗഹൃദ ഉപകരണം നിര്‍മ്മിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാജഹാന്‍ പറഞ്ഞു. ഉപകരണത്തിന്റെ ടെക്‌നോളജി യുവസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൈമാറാന്‍ ആഗ്രഹമുണ്ട്. പേറ്റന്റിന് വേണ്ടി ശ്രമം നടത്തുകയാണെന്നും ഷാജഹാന്‍ പറഞ്ഞു.

Tags:    

Similar News