ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം നിര്യാതനായി
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം.
പെരിന്തല്‍മണ്ണ: ഇസ്‌ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്നിവയുടെ അഖിലേന്ത്യാ ഓര്‍ഗനൈസറും പണ്ഡിതനുമായ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം (58) നിര്യാതനായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം.
പെരിന്തല്‍മണ്ണയിലെ ശാന്തപുരം മുള്ള്യാകുര്‍ശ്ശിയില്‍ പരേതരായ കൂരിയാട്ട് വട്ടാംപറമ്പില്‍ ഹസന്റെയും ആസ്യക്കുട്ടിയുടെയും മകനാണ്. ദേശീയ തലത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് ഹമീദ് ബാഖവി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദഅ്‌വ രംഗത്ത് സജീവമായിരുന്നു. ദേശീയ തലത്തില്‍ മദ്‌റസ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയും പരിശ്രമവും ഏറെ ശ്രദ്ധേയമാണ്. ഉത്തരേന്ത്യയിലെ ഏത് ഉള്‍ഗ്രാമത്തിലും സുന്നി പണ്ഡിതര്‍ക്ക് സുപരിചിതമായ പേരാണ് ശാഹുല്‍ ഹമീദ് മലൈബാരി എന്നത്. യാത്രാ സൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ വേണ്ടത്ര ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം നടത്തിയ പ്രയാണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
അഗാധ പാണ്ഡിത്യവും ബഹുഭാഷാ കഴിവും വശ്യമായ സ്വഭാവഗുണങ്ങളും അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കി. ഉത്തരേന്ത്യയിലൂടെ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം നിരവധി പ്രബോധന പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിരുന്നു. പത്ത് വര്‍ഷക്കാലം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും അദ്ദേഹം ദഅ്‌വ പ്രവര്‍ത്തനം നടത്തിയിരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനം രേഖപ്പെടുത്തി. ഉച്ചക്ക് 11 മണിയോടെ വസതിയിലെത്തിച്ച മൃതദേഹം വൈകീട്ട് മൂന്ന് മണിയോടെ ശാന്തപുരം മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യമാര്‍: പര്‍വീണ്‍ ബാനു, ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: മുഹമ്മദ് നുഹ്മാന്‍ ഷാ, ഫാത്തിമ ഷബ്‌നം, ഖദീജ ഷാ ഗുഫ്ത, അബൂബക്കര്‍ ദഖ്‌വന്‍ ഷാ, മദീന ഷാ, സൈനബ നര്‍ഗീസ് ഷാ, നഫീസ ഷെറിന്‍ ഷാ, ആസിയ നൂരി ഷാ, അമാത്തുല്ല മറിയം ഷാ, ആത്തിഖത്ത് റസൂല്‍ ഷാ.