ഷാന്‍ വധം: ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍

പ്രധാന പ്രതികള്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി സംസാരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്

Update: 2021-12-25 09:05 GMT

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് സംസ്ഥാന തല ഗൂഢാലോചന വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാന-ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പ്രധാന പ്രതികള്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി സംസാരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ സംരക്ഷിച്ചതിന് വിവിധ ജില്ലകളിലെ ആര്‍എസ്എസ് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ കള്ളായി സ്വദേശികളും ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ വീട്ടില്‍ കെ ടി സുരേഷ്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കള്ളായി മംഗലത്ത് വീട്ടില്‍ ഉമേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

തൃശൂര്‍ ജില്ലയില്‍ പീച്ചി, ചിമ്മിനി, ചാലക്കുടി ഉള്‍പ്പെടെയുള്ള വനമേഖലയുടെ ചുമതലയാണ് സുരേഷിന്. കള്ളായി വനത്തോട് ചേര്‍ന്ന് ആള്‍ താമസമില്ലാത്ത സുരേഷിന്റെ ഭാര്യ വീടാണ് ഒളിത്താവളമായി സംഘം ഉപയോഗിക്കുന്നത്. അക്രമങ്ങള്‍ക്കുശേഷം സംസ്ഥാനത്തെ ആര്‍എസ്എസ് ക്രിമിനലുകളെ ഇവിടെ എത്തിച്ചാണ് ഒളിവില്‍ പാര്‍പ്പിക്കുന്നത്. പോലിസെത്തിയാല്‍ വനത്തിനുള്ളിലേക്ക് കയറി പ്രതികള്‍ക്ക് രക്ഷപ്പെടാനാവും. ഈ വീട്ടിലേക്കുള്ള വഴികളിലെല്ലാം കാവലൊരുക്കിയ ആര്‍എസ്എസ്സുകാരെയും വട്ടക്കൊട്ടായിയിലുള്ള സുരേഷിന്റെ വീട്ടില്‍ പ്രതികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയവരെയും ഇതുവരെ പ്രതി ചേര്‍ക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. രണ്ടര മാസത്തെ ആസൂത്രണത്തിനു ശേഷമാണ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന പേരില്‍ നാമമാത്രമായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ഒളിവില്‍ പാര്‍പ്പിക്കുകയും ചെയ്ത ഉന്നത നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലിസ് നടത്തുന്നത്. ഷാന്‍ വധക്കേസിലെ ആര്‍എസ്എസ് ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് നേതാക്കളെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.


Tags:    

Similar News