ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ല; സ്ഥിരീകരിച്ച് പ്രഫുല്‍ പട്ടേല്‍ എംപി

Update: 2022-09-11 14:26 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് സ്ഥിരീകരിച്ച് പാര്‍ട്ടി എംപി പ്രഫുല്‍ പട്ടേല്‍. എന്നാല്‍ തന്റെ പാര്‍ട്ടി നേതാവായ ശരത് പവാര്‍ വിവിധ ആശയധാരയിലുള്ള പാര്‍ട്ടികളെ പരസ്പരം അടുപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശരത് പവാറിനെ എന്‍സിപിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്ത സാഹചര്യത്തിലാണ് പ്രഫുല്‍പട്ടേലിന്റെ സ്ഥിരീകരണം.

''ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നില്ല, ആവുകയുമില്ല. അതുസംബന്ധിച്ച പ്രസ്താവനകളൊന്നും അദ്ദേഹം നടത്തിയിട്ടില്ല. യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ പരിമിതികളെക്കുറിച്ചും അറിയാം. മറ്റുള്ളവരെ അപേക്ഷിച്ച് ഞങ്ങള്‍ ചെറിയ പാര്‍ട്ടിയാണ്. പക്ഷേ, ഞങ്ങളുടെ നേതൃത്വം വലിയതാണ്. ശരത് പവാര്‍ പ്രതിപക്ഷത്തിന്റെ മുഖമാവില്ല, പ്രതിപക്ഷനേതാവുമാവില്ല''- അദ്ദേഹം പറഞ്ഞു.

എന്‍സിപി ബിജെപിക്ക് ബദലാവുമെന്ന പ്രചാരണത്തെ അദ്ദേഹം തള്ളി. ശരത് പവാര്‍ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടികള്‍ക്കിടയിലും പരസ്പരവിശ്വാസം സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

'രാജ്യത്ത് ഭരിക്കുന്ന സര്‍ക്കാരിനെ ആരായിരിക്കും നയിക്കുകയെന്ന ചോദ്യം എല്ലായ്‌പ്പോഴും ഉയരും. വിവിധ ആളുകളെയും പ്രത്യയശാസ്ത്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുന്ന ശക്തനായ നേതാവാണ് ശരത് പവാര്‍. പ്രതിപക്ഷത്തിന്റെ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കും. ബദലായിരിക്കുമെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടികള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ശരദ് പവാറിന് കഴിയും- അദ്ദേഹം പറഞ്ഞു.

Tags:    

Similar News