ന്യൂഡല്‍ഹി: ഹരിയാനയിലെ റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. സുഖ്‌വീന്ദര്‍ സിങ് എന്ന പരിശീലകനെയാണ് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സമായിപുര്‍ ബദ്‌ലിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാന പോലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഗൊഹാന സ്വദേശിയായ സുഖ് വീന്ദര്‍ സിംഗിന് ലൈസന്‍സുള്ള തോക്കില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. കേസിലെ മറ്റ് നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.