സിദ്ധ ദിനാചരണം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

Update: 2022-12-23 08:53 GMT

കോഴിക്കോട്: ആറാമത് സിദ്ധ ദിനാചാരണത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷനും സിദ്ധാ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി ശാന്തിഗിരി ആയുര്‍വ്വേദ സിദ്ധ വൈദ്യശാലയുടെ സഹകരണത്തോടെ സിദ്ധ മെഗാ മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, എക്സ്പോ എന്നിവ സംഘടിപ്പിച്ചു. ടാഗോര്‍ ഹാളില്‍ നടന്ന പരിപാടി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സിദ്ധ ചികിത്സാ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടപ്പാക്കിവരുന്നതെന്നും സിദ്ധ ചികിത്സയില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.


മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎസ്എം ഡിഎംഒ ഡോ. മന്‍സൂര്‍ കെ.എം സിദ്ധ ദിന സന്ദേശം നല്‍കി. സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ആരോഗ്യ പുഷ്പം ന്യൂസ് ലെറ്ററിന്റെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്ക് സൗജന്യ രക്ത പരിശോധന, പാചക മത്സരം, സ്‌പെഷ്യാലിറ്റി ഒ.പികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.


കൗണ്‍സിലര്‍ അബൂബക്കര്‍, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി ത്യാഗരാജ്, ഹോമിയോ ഡി.എം.ഒ കവിത പുരുഷോത്തമന്‍, ഐഎസ്എം സീനിയര്‍ സൂപ്രണ്ട് രഞ്ജിനി, സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ ഡോ. സംഗമിത്ര എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മിഥുന്‍ സി, എസ്.ഐ.എം.എ.ഐ സെക്രട്ടറി ഡോ. ഗോപിക തുയ്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 'ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിന് സിദ്ധ ഭക്ഷണരീതിയും പോഷകാഹാരങ്ങളും'എന്ന വിഷയത്തില്‍ ഡോ.മിഥുന്‍ സി ക്ലാസെടുത്തു.

Similar News