സിദ്ധു മൂസ് വാല കൊലപാതകം: പ്രതി ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത അനുയായി ദീപക് ടിനു പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
ഛണ്ഡീഗഢ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്വാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളും ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ സഹായിയുമായ ദീപക് ടിനു മാന്‍സ ജില്ലയിലെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി കപൂര്‍ത്തല ജയിലില്‍ നിന്ന് മാന്‍സയിലേക്ക് സ്വകാര്യ വാഹനത്തില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (സിഐഎ) ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കൊണ്ടുപോരുമ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.
'ടിനുവിനെ കപൂര്‍ത്തല ജയിലില്‍ നിന്ന് മാന്‍സയുടെ സിഐഎ ഓഫിസിലേക്ക് കൊണ്ടുവരികയായിരുന്നു. ആ സമയത്താണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സംഭവം''-പോലിസ് അറിയിച്ചു.
ടിനുവിനെ കണ്ടെത്താന്‍ പോലിസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഇയാള്‍ രക്ഷപ്പെട്ടതില്‍ പങ്കുള്ളതായി കണ്ടെത്തിയാല്‍ പോലിസുകാര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നും ഭട്ടിന്‍ഡ ഐജി എം എസ് ചിന്ന പറഞ്ഞു.