ലോറന്‍സ് ബിഷ്ണോയിയെ സ്ഥാനാര്‍ഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോറന്‍സ് ബിഷ്‌ണോയിയെ സ്ഥാനാര്‍ത്ഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന. ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ ലോറന്‍സ് ബിഷ്ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്‍കാന്‍ ഉത്തര്‍ ഭാരതീയ വികാസ് സേന തീരുമാനിച്ചു. നോമിനേഷന്‍ നല്‍കുന്നതിനായി റിട്ടേണിങ് ഓഫീസറുടെ പക്കല്‍നിന്നും പാര്‍ട്ടി ഫോം വാങ്ങി. പാര്‍ട്ടി നേതാവായ സുനില്‍ ശുക്ലയാണ് ലോറന്‍സ് ബിഷ്‌ണോയിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ലോറന്‍സ് ബിഷ്ണോയിയുടെ മറ്റൊരു പേരായ ബാല്‍കരണ്‍ ബരാഡ് എന്ന പേരിലാണ് ഫോം വാങ്ങിയത്. നാമനിര്‍ദേശ പത്രികയില്‍ ബിഷ്‌ണോയിയുടെ ഒപ്പ് ഉറപ്പാക്കുമെന്നും അയാളുടെ അറിവോടെയാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉറപ്പിക്കുന്ന സത്യവാങ്മൂലം ഹാജരാക്കുമെന്നുമാണ് പാര്‍ട്ടി മേധാവിയായ സുനില്‍ ശുക്ല നല്‍കിയിട്ടുള്ള ഉറപ്പ്.
നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ബിഷ്ണോയി കഴിയുന്നത്. ബിഷ്‌ണോയ് ഗ്യാങ് കൊലപ്പെടുത്തിയ ബാബ സിദ്ദിഖി ആദ്യമായി നിയമസഭാംഗമാകുന്നത് ബാന്ദ്ര മണ്ഡലത്തില്‍ മത്സരിച്ചായിരുന്നു. അത് തന്നെയാണ് ബിഷ്ണോയിക്ക് ബാന്ദ്ര മണ്ഡലം നല്‍കുന്നതിലെ പ്രത്യേകത.