ലോറന്‍സ് ബിഷ്ണോയിയുടെ ടീഷര്‍ട്ട് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; യുവാക്കളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുമെന്ന് ആശങ്ക

Update: 2024-11-05 05:57 GMT

മുംബൈ: കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച പ്രശ്‌സത ഈ കൊമേഴ്‌സ് പ്‌ള്റ്റാഫുമുകള്‍ക്കെതിരേ പ്രതിഷേധം ശക്തം. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, മീഷോ എന്നിവരാണ് ലോറന്‍സ് ബിഷ്‌ണോയിയുടെ ടീ ഷര്‍ട്ട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 64 ശതമാനം ഡിസ്‌കൗണ്ടില്‍ 249 രൂപയ്ക്കാണ് ടീഷര്‍ട്ടുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഓറഞ്ച് ടീ ഷര്‍ട്ടും ബ്ലാക്ക് ഹൂഡിയും ധരിച്ച ലോറന്‍സിന്റെ ചിത്രമാണ് ടീഷര്‍ട്ടിലുള്ളത്. ഇതിനെതിരേ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. യുവാക്കളെയും കുട്ടികളെയും ക്രിമില്‍ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാന്‍ ടീഷര്‍ട്ടിന്റെ വില്‍പ്പനയ്ക്ക് സാധ്യമാവുമെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ യുവാക്കള്‍ ലോറന്‍സ് ബിഷ്‌ണോയിയില്‍ ആകൃഷ്ടരായി ഇയാളുടെ ഗ്യാങ്ങില്‍ ചേരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മീഷോ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ നടപടി നാണക്കേടാണെന്നും യൂസര്‍മാര്‍ കുറിച്ചു. ചെറിയ കുട്ടികള്‍ വരെ ഇത്തരം ടീഷര്‍ട്ടുകള്‍ക്ക് ആവശ്യക്കാരായി വരുന്നു. ഇത് തെറ്റായ സന്ദേശം നല്‍കും. മീഷോയെ നിരോധിക്കണമെന്നും യൂസര്‍മാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്രിമിനല്‍ വല്‍ക്കരണമാണിതെന്ന് പ്രശ്‌സത മാധ്യമപ്രവര്‍ത്തകന്‍ അലിഷന്‍ ജാഫ്രി പറയുന്നു. അലിഷന്‍ ആണ് ടീഷര്‍ട്ടിന്റെ ചിത്രം സഹിതം ട്വിറ്ററില്‍ ഈ വിഷയം ഏവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്.

പോലിസും എന്‍ഐഎയും യുവാക്കളെ ക്രിമിനില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പെട്ടെന്ന് ലാഭം നേടാന്‍ യുവാക്കളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുകയാണെന്നും അലിഷന്‍ പറയുന്നു. അധോലോക ഗുണ്ടാതലവന്‍മാരെ മഹത്വ വല്‍ക്കരിക്കുകയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ചെയ്യുന്നതെന്നും അലിഷന്‍ വ്യക്തമാക്കി.


Tags:    

Similar News