ന്യൂഡല്‍ഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗ്ദീഷ് ടൈറ്റ്ലര്‍ക്കെതിരെ കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകളുണ്ടെന്നും ഡല്‍ഹി റൗസ് അവന്യു കോടതി. കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്കി.
1984ലെ സിഖ് കലാപത്തിനിടെ ഡല്‍ഹിയിലെ പുല് ബംഗാഷിലെ ഗുരുദ്വാരയ്ക്ക് തീയിടുകയും ഥാക്കുര്‍ സിങ്, ബാദല്‍ സിങ്, ഗുരുചരണ്‍ സിങ് എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ടൈറ്റ്ലര്‍ക്കെതിരെ കുറ്റം ചുമത്തുന്നത്. കൊലപാതകത്തിനു പുറമെ അനധികൃതമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, നിയമലംഘനം, ആരാധനാലയം അശുദ്ധമാക്കല്‍, തീയിടല്‍, മോഷണം എന്നീ കുറ്റങ്ങളും ടൈറ്റ്ലര്‍ക്കെതിരെ ചുമത്താനും കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്കി.
2023 മേയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1984ല്‍ ഗുരുദ്വാരയ്ക്ക് പുറത്തു കൂടിയിരുന്ന ജനക്കൂട്ടത്തിന് ടൈറ്റ്ലര്‍ കലാപാഹ്വാനം നല്കി പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ടൈറ്റ്ലര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു.