സില്‍വര്‍ ലൈന്‍ ആര്‍ക്കുവേണ്ടി?

Update: 2022-04-07 16:58 GMT

ജെ എസ് അടൂര്‍

അസമാനതകള്‍ കൂടിക്കൊണ്ടിരിക്കുന്ന സമൂഹമാണ് കേരളത്തില്‍. ദാരിദ്ര്യം കുറവാണെങ്കിലും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപഭോഗ അസമാനത (consumption inequaltiy )കൂടിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ തന്നെ അസാമാനതകള്‍ കൂടികൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം.

കേരളത്തിലെ സോഷ്യ ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് (socio economic and caste census 2011) അനുസരിച്ചു കേരളത്തില്‍ 60.29 ലക്ഷം കുടുംബങ്ങള്‍ /താമസമുള്ള വീടുകളാണ് ഉള്ളത്. അവയില്‍ 40.43 ലക്ഷം(70%) കുടുംബങ്ങളില്‍ മാസം കഷ്ട്ടിച്ചു ജീവിക്കാനുള്ള വരുമാനം പോലുമില്ല. അവരില്‍ ഭൂരിഭാഗം പലതരം കടം വാങ്ങിയാണ് വീട്ടുകാര്യങ്ങള്‍ നടത്തുന്നത്. അവര്‍ പിടിച്ചു നില്‍ക്കുന്നത് തൊഴില്‍ ഉറപ്പുകൊണ്ടും അതുപോലെ അന്നന്നത്തെ ജോലി ചെയ്തുമാണ്.

പത്തു ദിവസം ജോലിയില്ലെങ്കില്‍ പട്ടിണിയുടെ വക്കിലാകുന്നവര്‍. അവരില്‍ തന്നെ ഒരുപാട് പേര്‍ക്കും വീടില്ല. ഭൂമി ഇല്ല. രോഗാവസ്ഥയില്‍ എന്തെങ്കിലും ബ്ലേഡ് പലിശയില്‍ മൈക്രോ ഫിനാന്‍സ് കടമെടുത്തു കഴിയുന്നവര്‍. കേരളത്തില്‍ കൊവിഡ് കാലത്ത് ഏറ്റവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചവര്‍. കേരളത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞാല്‍, അവശ്യ സാധനങ്ങളുടെ വിലകൂടിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് 70% ത്തോളം വരുന്ന വലിയ വിഭാഗമാണ്.

കേരളത്തില്‍ തൊഴില്‍ ഉറപ്പ് കാര്‍ഡ് ഉള്ളവര്‍ ഏകദേശം 41 ലക്ഷത്തോളമുണ്ട്. കുടുംബ ശ്രീ വെബ്‌സൈറ്റ് പ്രകാരം 45, 85, 667 അംഗങ്ങള്‍ ഉണ്ട്. കുടുംബശ്രീ അംഗങ്ങള്‍ കേരളത്തില്‍ വളരെ സാധാരണക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ്.

അവര്‍ക്കൊക്കെ സില്‍വര്‍ ലൈനില്‍ ആയിരങ്ങള്‍ മുടക്കി പോയാല്‍ എവിടെ പണി ചെയ്യാന്‍ സാധിക്കും? അവര്‍ക്കു സില്‍വര്‍ ലൈന്‍ വന്നാല്‍ തൊഴില്‍ ഉറപ്പിനു കൂടുതല്‍ വേതനം കിട്ടുമോ? അവര്‍ക്കൊന്നും എന്തായാലും സില്‍വര്‍ ലൈനില്‍ സ്ഥിരം യാത്ര ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല.

കേരളത്തില്‍ 77,000 കുടുംബങ്ങള്‍ക്ക് (12%) ആണ് ഏറ്റവും കൂടുതല്‍ സ്ഥിരവേതനം(highest earning member )10,000 രൂപയില്‍ കൂടുതല്‍ കിട്ടുന്നത്. അവരില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും.

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്ന്റ് സ്റ്റഡീസിലെ പ്രൊഫ. കെ സി സഖറിയായും പ്രൊഫ ഇരുദയ രാജനും നടത്തിയ ഗവേഷണം കാണിക്കുന്നത് കേരളത്തില്‍ വിദേശ വരുമാനം( ഫോറിന്‍ റെമിറ്റന്‍സ്) കിട്ടുന്നത് 17% കുടുംബങ്ങള്‍ക്ക് മാത്രമാണ്. കേരളത്തില്‍ കാറുള്ളവര്‍ 10% കുടുംബങ്ങള്‍ മാത്രം.

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 5.2 ലക്ഷം മാത്രം കേരളത്തില്‍ ജോലി ചെയ്യാന്‍ പ്രാപ്തി ഉള്ളവരുടെ ഒരു വളരെ ചെറിയ ശതമാനം. അവരുടെ ശമ്പളം 23,000 തൊട്ട് 1.66 ലക്ഷം വരെ. കേരളത്തിലെ ബജറ്റിന്റ മൊത്തം റവന്യു വരുമാനത്തിന്റെ 64% ശമ്പളം, പെന്‍ഷന്‍, പലിശ ഇനത്തിലാണ്. കേരളത്തിലെ ടാക്‌സ് -നോണ്‍ ടാക്‌സ് വരുമാനം മാത്രം നോക്കിയാല്‍ ശമ്പളം, പെന്‍ഷന്‍, പലിശയാണ് അതിന്റ സിംഹഭാഗം

2020-21 ല്‍ അതു 73, 848 കോടി. മൊത്തം റവന്യു വരുമാനത്തിന്റെ(അതില്‍ കേന്ദ്രത്തിന്റെ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ഉണ്ട് )45% ശമ്പളമാണ്. കേരളത്തില്‍ ഇപ്പോള്‍ കടം എടുത്തു ശമ്പളം കൊടുക്കേണ്ട അവസ്ഥയാണ്.

എന്നാല്‍ കേരളത്തിനു കിട്ടുന്ന റവന്യു വരുമാനത്തില്‍ വലിയ ഒരു ഭാഗം മദ്യ ടാക്‌സ്, ഭാഗ്യക്കുറി, പെട്രോള്‍, ഡീസല്‍ ടാക്‌സ് ഒക്കെയാണ്. 201920 ഇല്‍ കേരളത്തിലെ വെറും സാധാരണക്കാര്‍ ഭാഗ്യകുറി മേടിച്ചതില്‍ നിന്ന് സര്‍ക്കാരിന് കിട്ടിയ ലാഭം 1763.69 കോടിയാണ്. മദ്യ ടാക്‌സില്‍ നിന്ന് പ്രതിമാസം ഏതാണ്ട് 800 കോടിയോളമാണ് സര്‍ക്കാര്‍ പിരിക്കുന്നത്.

2019-20ല്‍ മദ്യം വിറ്റ് സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്ന് വാങ്ങിയത് 10,332.39 രൂപ. പെട്രോളിന് 30.08% ടാക്‌സ്. ഡീസലിനു 22.76% ടാക്‌സ്. ഇത് കൂടാതെ ഓരോ ലിറ്ററിനും ഒരു രൂപ അധികനികുതി. ഇത് കൂടാതെ 1% സെസ്സ്.

സര്‍ക്കാരിന് വിവിധ ഇനങ്ങളില്‍ അവരവരുടെ വരുമാനത്തിന്റെ അനുപാതത്തിന്റെ ഏറ്റവും കൂടുതല്‍ ശതമാനം ചെലവാക്കുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 80 ശതമാനത്തോളം വരുന്ന ബഹുഭൂരിപക്ഷമാണ്.

പെട്രോള്‍ ഏറ്റവും കൂടുതല്‍ അടിക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും സാധാരണക്കാരായ ബൈക്ക്കാരുമൊക്കെയാണ്. ലോട്ടറിക്കും മദ്യത്തിനും പെട്രോള്‍ /ഡീസല്‍ലിന്നും അവരുടെ വരുമാനത്തിന്റെ നല്ല ഒരു ഭാഗം സര്‍ക്കാരിന് നികുതിയായി കൊടുക്കുന്നത് ഈ നാട്ടിലെ സാമ്പത്തികശേഷി കുറഞ്ഞ ബഹുഭൂരിപക്ഷമാളുകളാണ്.

കഴിഞ്ഞ സിഎജി റിപോര്‍ട്ട് അനുസരിച്ചു കേരളത്തിലുള്ള മുഴുവന്‍ ജി ഡി പിയുടെ 39.87% അതായത് ഏകദേശം 40% മാണ് ഇപ്പോള്‍ തന്നെ പൊതുകടം. അതു ഈ വര്‍ഷം ഏതാണ്ട് 3.3 ലക്ഷം കോടി. അതില്‍ കിഎഫ്ബിയുടെ കടംകൂടി കൂട്ടിയാല്‍ അതില്‍ അധികം. കേരളത്തിലെ കഴിഞ്ഞ ആറു കൊല്ലാതെ ബജറ്റ് പരിശോധിച്ചാല്‍ അതില്‍ റവന്യൂ വരുമാനം കൂട്ടി കാണിച്ച് ചിലവ് കുറച്ചു കാണിക്കും. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് വരുമാനം കുറഞ്ഞു, ചെലവു കൂടി. ബജറ്റ് കമ്മി കൂടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് കൂടുതല്‍ കൂടുതല്‍ കടം വാങ്ങി കൂട്ടുന്നു. 2016 ജൂണില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് കേരളത്തിലെ പരിതാപകരമായ പൊതുധനസ്ഥിതിയെ കുറിച്ച് പറഞ്ഞത് വരുമാനം കൂട്ടും ബജറ്റ് കമ്മി കുറയ്ക്കും പൊതുകടം കുറയ്ക്കും എന്നാണ്. നടന്നത് നേരെ തിരിച്ചും. പൊതുകടം കൂടിക്കൊണ്ടിരുന്നു.

കേരളത്തിലെ സാമ്പത്തിക അസാമാനത കൂടി കൊണ്ടിരിക്കുന്നു. ഒരു വശത്തു കോടികള്‍ വരുമാനവും വലിയ സാമ്പത്തിക ശേഷിയുമുള്ള ഒരു ശതമാനം അതിസമ്പന്നര്‍. ഒരു മന്ത്രി എന്തായാലും അദ്ദേഹത്തിന് അഞ്ചു കോടി ആസ്തിയുണ്ടന്നു സത്യം പറഞ്ഞു. ഭരണത്തിലും പുറത്തുമുള്ള പ്രമുഖരില്‍ ബഹുഭൂരിപക്ഷം കേരളത്തിലെ സമ്പന്നരായ ഒരു ശതമാനമാണ്. സില്‍വര്‍ ലൈന്‍ വന്നാല്‍ അവര്‍ക്കു വളരെ സൗകര്യമാകും.

അതി സമ്പന്ന വര്‍ഗം 0.1 ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍. അവരില്‍ തന്നെ ഭൂരിപക്ഷം വിദേശ വ്യപാരി വ്യാസായികള്‍. അധികാര ഭരണത്തില്‍ ഉള്ളവരുടെ പ്രമുഖരില്‍ ഭൂരിപക്ഷം ഒരു ശതമാനത്തില്‍ താഴെയുള്ള സമ്പന്നരോ ഉദ്യോഗസ്ഥ പ്രമുഖരോ ആണ്. അവരുമായാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആദ്യം സില്‍വര്‍ ലൈന്‍ ചര്‍ച്ച ചെയ്തത്. അവര്‍ക്കു അതിവേഗം ബഹുദൂരം പോകണം. അതിന് കയ്യില്‍ ഇഷ്ട്ടം പോലെ കാശുണ്ട്.

കേരളത്തില്‍ ഇപ്പോഴും 5.7 ലക്ഷം കുടുംബങ്ങള്‍ക്കു വീടില്ലന്നാണ് ഫെബ്രുവരി 7, 2018 ല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ലക്ഷകണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമിയും ഇല്ല.

കേരളത്തിലെ ബഹു ബഹുഭൂരിപക്ഷം അവരുടെ ജീവിതത്തില്‍ ഉള്ള എല്ലാം സ്വരൂപീച്ചു വീട് വച്ചവരോ, ഒരു തുണ്ട് ഭൂമി മാത്രം ഉള്ളവരോ, ചെറിയ കച്ചവടം ചെയ്യുന്നവരോ ഒക്കെയാണ്. അവര്‍ക്കു അവരുടെ വീടും ചെറിയ സ്ഥലവും ചെറിയ കടകളും എല്ലാം പോകുക എന്നു പറഞ്ഞാല്‍ അവരുടെ ജീവിതവും ജീവിനോബാധിയും നഷ്ടപ്പെടുകയെന്നാണ്.

മനുഷ്യന്റ ജീവിതം ഓര്‍മകളാണ്. ഓര്‍മകളുടെ കൂടായ വീടുപോകുന്നത് ജീവന്‍ പോകുന്നത് പോലെയാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ ഒരയുഷ്‌ക്കാലം മുഴുവന്‍ അധ്വാനിച്ചത് പോയാല്‍, അവരുടെ ജീവിതാധ്വാനമാണ് പോകുന്നത്.

കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനായിരുന്ന വിദേശ വരുമാനം കുറയും. വിദേശ വരുമാനം (ഫോറിന്‍ റെമിറ്റന്‍സ് )കുറഞ്ഞാല്‍ അതു കേരളത്തിലെ സാമ്പത്തിക വളര്‍ച്ച കുറയും.

അതുപോലെ കേരളത്തില്‍ പ്രായമുള്ളവരുടെ ശതമാനം ഏതാണ്ട് 35% മാകുകയും ജോലി ചെയ്യാന്‍ പ്രാപ്തിയും പ്രൊഫെഷനല്‍ സ്‌കില്ലും ഉള്ളവര്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും ന്യൂസിലാന്‍ഡിലേക്കും ആസ്‌ത്രേലിയയിലേക്കും പോയാല്‍ കേരളത്തില്‍ വലിയ ബ്രയിന്‍ ഡ്രൈന്‍ സംഭവിക്കും.

അതുപോലെ കൂലിവേലക്ക് ബംഗാളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ ശതമാനം കൂടും. ഇതെല്ലാം കേരളത്തിന്റ് സാമ്പത്തിക അവസ്ഥയെ ബാധിക്കും.

കേരളത്തില്‍ ഒരു ശതമാനം വരുന്ന അതി സമ്പന്ന പ്രമുഖര്‍ക്കും അതുപോലെ കേരളത്തില്‍ ഒന്നോ രണ്ടോ കൊല്ലത്തില്‍ ചില ആഴ്ചകള്‍ വരുന്ന വിദേശ പൗരന്മാരോ സ്ഥിര താമസക്കാര്‍ക്കോ ആണ് സില്‍വര്‍ ലൈന്‍ അത്യാവശ്യം.

എന്നാല്‍ ഇപ്പോഴുള്ള പൊതു കടത്തിന്റ കൂടെ സില്‍വര്‍ലൈനിന് ലക്ഷം കോടിയോ അതിന്റ ഇരട്ടിയോ ചിലവാക്കി കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ (എസ്ജിഡിപി)യുടെ 6070% കടം കൂടിയാല്‍ അതിന്റ കടഭാരം കേരളത്തില്‍ എല്ലാം ദിവസവും പല രീതിയില്‍ ടാക്‌സും ഭാഗ്യകുറിയൊക്കെ എടുക്കുന്ന ബഹുഭൂരിപക്ഷം വെറും സാധാരണക്കാരയ ജനങ്ങള്‍ക്കാണ്. കേരളത്തില്‍ പൊതുകടം എത്ര കൂടിയാലും അതിസമ്പന്ന വിഭാഗത്തിനോ വിദേശത്ത് സുഖമായി ജീവിക്കുന്നവര്‍ക്കോ ഒരു പ്രശ്‌നവും ഇല്ല.

സില്‍വര്‍ ലൈന്‍ വികസനം വേണം എന്നു പറയുന്ന കേരളത്തിലെയും വിദേശത്തെയും പ്രമുഖ സമ്പന്നന്മാരും ഭരണ പാര്‍ട്ടി പ്രമുഖരും വിദേശത്ത് ജീവിച്ചു കേരളം സ്വപ്നം കാണുന്നവരും എല്ലാം കൂടി ഒരു ലക്ഷം കോടി ഇന്‍വെസ്റ്റ് ചെയ്താല്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് വലിയ കടഭാരം ചുമക്കേണ്ടി വരില്ല. പക്ഷേ അവര്‍ അതു ചെയ്യില്ല. കാരണം സില്‍വര്‍ ലൈന്‍ പദ്ധതി റിപോര്‍ട്ട് പെരുപ്പിച്ചു കാണിക്കുന്ന ലാഭം മരീചികയാണ് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. ലാഭം ഇല്ലാത്ത സംരഭത്തില്‍ കേരളത്തിലെ അതി സമ്പന്നര്‍ കാശ് ഇന്‍വെസ്റ്റ് ചെയ്യില്ല. കെഎസ്ആര്‍ടിസി ലാഭത്തില്‍ ഓടിക്കുമെന്ന് 2017ല്‍ അന്നത്തെ ധനകാര്യ മന്ത്രി പറഞ്ഞു. ഒന്നും സംഭവിച്ചില്ല. കെഎസ്ആര്‍ടിസിയുടെ നഷ്ടവും കടവും കൂടിക്കൊണ്ടിരിക്കുന്നു.

ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും പെട്രോളില്‍ കൂടെയും മറ്റു പല വിധത്തിലും സാധാരണക്കാരന്റെ കയ്യില്‍ നിന്നു പിഴിഞ്ഞെടുത്ത കാശ് മുടക്കി കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയും സാമ്പത്തിക പ്രമുഖര്‍ക്ക് വേണ്ടിയും ഒരു സില്‍വര്‍ലൈന്‍ വന്നാല്‍ ആര്‍ക്കാണ് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നത്?

കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും സില്‍വര്‍ ലൈനില്‍ സഞ്ചരിക്കാനുള്ള സാമ്പത്തിക വരുമാനമുണ്ടോ?

കേരളത്തില്‍ തൊഴില്‍ കിട്ടാനുള്ള അവസരം ഇല്ലാത്തതിനാല്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ പല രാജ്യങ്ങളിലെക്കു കുടിയേറുന്നത് കൂടിക്കൊണ്ടിരിക്കുന്നു. അവര്‍ എത്ര പ്രാവശ്യം കേരളത്തില്‍ വന്നു സില്‍വര്‍ ലൈനില്‍ സഞ്ചരിക്കും?

കേരളത്തില്‍ ദിവസക്കൂലിക്ക് പണിയെടുത്തു ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍, തൊഴിലുറപ്പ് കൊണ്ടു ജീവിക്കുന്നവരില്‍ എത്രപേര്‍ക്ക് ആയിരങ്ങള്‍ മുടക്കി സില്‍വര്‍ ലൈനില്‍ യാത്ര ചെയ്യും? അവര്‍ക്ക് സില്‍വര്‍ ലൈനില്‍ പോയി ജോലി ചെയ്തു ദിവസേന അവരുടെ വീട്ടില്‍ എത്താനാകുമോ?

ഗള്‍ഫില്‍ ജോലി സാധ്യത കുറയുന്നതോടെ ഗള്‍ഫില്‍ നിന്ന് ആളുകള്‍ തിരികെ വന്നാല്‍ പോലും ജോലി സാധ്യത കുറവ്. അവരൊക്കെ സില്‍വര്‍ ലൈനില്‍ പോയാല്‍ നല്ല ശമ്പളമുള്ള ജോലി കാസര്‍കോട്ടോ കണ്ണൂരൊ തിരുവനന്തപുരത്തോ കിട്ടുമോ?

അസാമാനത വളരുന്ന കേരളത്തില്‍ സില്‍വര്‍ ലൈന്‍ ആര്‍ക്ക് വേണ്ടി? അതിന്റ കടഭാരം ചുമക്കുന്നത് കേരളത്തില്‍ സാമ്പത്തിക ശേഷികുറവുള്ള സാധാരണക്കാരല്ലേ?

വികസനത്തിനും വേഗതയുള്ള ട്രെയിനിനും ആരും എതിരല്ല. പക്ഷെ അതു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് കൂടി വേണ്ടിയാകണം. അവര്‍ക്കു കൂടി യാത്ര ചെയ്യാന്‍ സാധിക്കണം. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് പ്രാപ്യമായ വികസനമാണ് സമൂഹത്തിന് ആവശ്യം.

അല്ലാതെ സാധാരണക്കാരുടെ വീടും തുണ്ട് ഭൂമിയും പിടിച്ചെടുത്തു കേരളത്തില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്കു മാത്രം ശഅതിവേഗം സഞ്ചരിക്കാനുള്ള സില്‍വര്‍ ലൈന്‍ ആര്‍ക്ക് വേണ്ടി? അതു ആരുടെ വികസനത്തിന് വേണ്ടി?

ഈ ചോദ്യങ്ങള്‍ ചര്‍ച്ചകള്‍ സമൂഹത്തില്‍ ചെയ്യാതെ ഏകപക്ഷിയമായി ജനായത്ത ജനകീയ ചര്‍ച്ചകള്‍ ഇല്ലാതെ, മലയാളത്തില്‍ വിശദ പദ്ധതി രേഖ ഇല്ലാതെ, സുതാര്യത ഇല്ലാതെ, സില്‍വര്‍ ലൈന്‍ എന്ത് കൊണ്ടാണ് മുകളില്‍ നിന്ന് താഴോട്ട് ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്? ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി?

(കടപ്പാട്: സില്‍വര്‍ ലൈനിന്റെ വര്‍ഗപരമായ താല്പര്യങ്ങളെക്കുറിച്ച് ജെ എസ് അടൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പ് എടുത്തുചേര്‍ക്കുന്നു, https://www.facebook.com/js.adoor)

Similar News